മമലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!
മലയാള സി
നിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!ക്ലീഷേ എന്നാൽ ആവർത്തിച്ചുപയോഗിച്ച് മടുത്തത് എന്നർത്ഥം. കലയിൽ പൊതുവായി ഉപയോഗിക്കുന്ന സംജ്ഞ.തമിഴ് നടൻ ധനുഷ് നായകനായി അഭിനയിച്ച ‘ഉത്തമപുത്രൻ’ എന്ന തമിഴ് സിനിമയിൽ ഒരു സന്ദർഭമുണ്ട്. നായകന്റേയും സംഘത്തിന്റേയും കൂട്ടുകാരന്റെ കാമുകി വീട്ടൂകാരുടെ നിർബന്ധത്താൽ വിവാഹിതയാകുന്നു. വിഷമാവസ്ഥയിലായ കൂട്ടുകാരനെ സഹായിക്കാൻ നായകനും സംഘവും ആഡിറ്റോറിയത്തിൽ നിന്ന് പെൺകുട്ടിയെ ബോധം കെടുത്തി തട്ടിക്കൊണ്ട് പോരുന്നു.വഴിയിലൊരിടത്ത് വണ്ടി നിർത്തി തട്ടിക്കൊണ്ടുവന്ന പെൺക്കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് ബോധം വരുത്തുമ്പോൾ ബോധം വിട്ടുണരുന്ന പെൺകുട്ടി (നായിക) ആ ക്ലീഷേ ഡയലോഗ് ആവർത്തിക്കുന്നു :“ ഏ..! ഞാനിപ്പോൾ എവിടെയാണ്..ഇതേതാ സ്ഥലം..നിങ്ങളൊക്കെ ആരാ?..!“ ഇത് കേട്ടതും സംഘത്തിലെ മണ്ടനായ/തമാശയുള്ള തടിയൻ കഥാപാത്രം നായകനോട് പറയുന്നു “ ഡേയ്, ഇവൾ തമിഴ് സിനിമയിലെ നായികയാണെന്ന് തോന്നുന്നു. കേട്ടില്ലേ ? ബോധം വീണാൽ എല്ലാ നായികമാരും പറയുന്ന സെയിം ഡയലോഗ് തന്നെ പറയുന്നത്..” എന്ന്. തിയ്യറ്ററിൽ കൂട്ടച്ചിരി.ഒരു ക്ലീഷേ സന്ദർഭത്തെ-സംഭാഷണത്തെ എത്ര സമർത്ഥമായി സംവിധായകൻ ഉപയോഗിച്ചു എന്ന് നോക്കുക.ഒരേ സമയം സിനിമകൾക്കിട്ടൊരു വിമർശനം, എന്നാൽ അതേ ക്ലീഷേ പിന്തുടരുന്നുമുണ്ട്. സന്ദർഭത്തിൽനിന്നു ഒട്ടും മാറുന്നുമില്ല, അതേ സമയം പ്രേക്ഷകനതൊരു പുതിയ രീതിയിൽ(തമാശയായി) അനുഭവപ്പെടുകയും ചെയ്യുന്നു.
നിർഭാഗ്യവശാൽ മലയാള സിനിമയിൽ തിക്കുറിശ്ശിയുഗം മുതൽ ന്യൂജനറേഷൻ സിനിമകളെന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവ് വരെ ഈ ക്ലീഷേ സന്ദർഭങ്ങൾ നിരന്തരമായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യമൊക്കെ പ്രേക്ഷകർ ഇത്തരം സന്ദർഭങ്ങളെ കാര്യമായെടുത്തില്ലെങ്കിലും (നിരൂപകർ, സിനിമയെ ഗൌരവമായി കാണുന്നവർ എന്നും ഇക്കാര്യങ്ങളെ മനസ്സിലാക്കിയിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നുവെന്നും കൂട്ടത്തിൽ ഓർമ്മിപ്പിക്കട്ടെ) മാറാത്ത മലയാള സിനിമ അല്ലെങ്കിൽ പ്രമേയത്തിലും ആഖ്യാനത്തിലും പരീക്ഷണങ്ങൾക്ക് മുതിരാൻ ശ്രമിക്കാത്ത മലയാള സിനിമ ഇക്കാലമത്രയും ചർവ്വിതചർവ്വണം ചെയ്യപ്പെട്ട ഇത്തരം സന്ദർഭങ്ങളെ ലജ്ജയേതുമില്ലാതെ അവതരിപ്പിക്കുന്നു എന്നത് നർമ്മത്തോടെയും ഒപ്പം ഗൌരവമായും കാണേണ്ടതാണ്. ഉപയോഗിച്ച സന്ദർഭങ്ങൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്നല്ല, മറിച്ച് നൂറ്റൊന്നാവർത്തിച്ച സന്ദർഭങ്ങളേയും സംഭാഷണങ്ങളേയും പശ്ചാത്തലത്തേയും എന്തുകൊണ്ട് മാറ്റിപ്പിടിച്ചുകൂടാ /പുനരവതരിപ്പിച്ചു കൂടാ എന്നൊരു ചോദ്യമുണ്ട്. ഇത് സാദ്ധ്യമല്ലാതല്ല. പക്ഷെ അതിന് ചിന്തയും പുതിയത് കണ്ടെത്താനുള്ള പ്രതിഭയും അവതരിപ്പിക്കാനുള്ള ധൈര്യവും സമയവും ചിലവാക്കേണ്ടതുണ്ട്.പ്രേക്ഷകന് ഇന്നതേ ഇഷ്ടപ്പെടൂ എന്ന രീതിയിൽ പ്രേക്ഷകനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന സിനിമാ അണിയറ പ്രവർത്തകർ പുതിയതൊന്ന് കണ്ടെത്താനുള്ള അദ്ധ്വാനത്തെ ലഘൂകരിച്ച് പറഞ്ഞു പഴകിയ സന്ദർഭങ്ങളെ നൂറ്റൊന്നാവർത്തിക്കുകയാണ്.പക്ഷെ,ലോക സിനിമകൾ ഇന്ന് ഒരു വിരൽത്തുമ്പിനാൽ കാണാൻ സാദ്ധ്യമാകുന്ന ഈ വിവര സാങ്കേതികാ വിപ്ലവ കാലത്ത് മലയാള സിനിമ കാണുന്ന പ്രേക്ഷകൻ ലോക സിനിമകളുടെ പ്രേക്ഷകൻ കൂടിയാണെന്ന് ഓർക്കുന്നത് മലയാള സിനിമാ പ്രേക്ഷകർക്ക് ഗുണം ചെയ്യും.
M3DBയും സോഷ്യൻ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ ഒരു കൂട്ടം സിനിമാപ്രേമികളും ചേർന്ന് സമാഹരിച്ച “മലയാള സിനിമകളിലെ ക്ലീഷേകൾ” എന്ന ഈ ലേഖനം കൊണ്ട് ഉദ്ദേശമാക്കുന്നത് മലയാള സിനിമയേയോ അതിന്റെ അണിയറ പ്രവർത്തകരേയോ പരിഹസിക്കാനല്ല, മറിച്ച് ഇന്ന് മലയാള സിനിമാ പ്രേക്ഷകൻ ഏതു നിലവാരത്തിലെത്തി നിൽക്കുന്നുവെന്നും അവന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ എവിടെയെല്ലാമെത്തുന്നു എന്നുമുള്ള ഒരു സൂചന നൽകുവാൻ കൂടിയാണ്. ക്ലീഷേകളെ ആവർത്തിക്കുന്നതിനപ്പുറം മറു സന്ദർഭങ്ങൾ കണ്ടെത്തേണ്ടതാണ് എന്ന രീതിയിൽ സിനിമയിൽ ഏതെങ്കിലും തിരക്കഥാകൃത്തുക്കൾക്കോ സിനിമകൾക്കോ ഇത് ഒരു ചെറിയ മാറ്റമെങ്കിലും വരുത്തുവാനായെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്.കാരണം ലോകത്തിനു മുന്നിൽ ഇങ്ങിനെ ഒരു കൊച്ചുപ്രദേശമുണ്ടെന്നും അവിടത്തെ മനുഷ്യർക്കും ജീവിതവും വികാരങ്ങളുമുണ്ടെന്നും അടയാളപ്പെടുത്തിയ സിനിമകൾ ഈ ഭൂപ്രദേശത്തുനിന്നും ഉണ്ടായിട്ടുണ്ട്. ലോക-ഇന്ത്യൻ സിനിമയിൽ ഇനിയും മലയാളം പരിഹസിക്കപ്പെടാതിരിക്കാൻ ഇത്തരം ചൂണ്ടിക്കാണിക്കലുകൾ വേണ്ടതുതന്നെയാണ്. നിങ്ങൾക്കുള്ളിൽ നിന്നും അത് സംഭവിക്കുന്നില്ലായെങ്കിൽ പ്രേക്ഷകരായ ഞങ്ങൾക്കത് ചൂണ്ടിപ്പറയേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുക കൂടിയാണ്.
മലയാളം ഗൂഗിൾ ബസ്സിൽ ആഷ്ലി തുടങ്ങിയ പോസ്റ്റ്,അപ്പൂട്ടൻ ബ്ലോഗിലെഴുതിയ പോസ്റ്റ്, ഫെയ്സ് ബുക്കിലെ ‘സിനിമാ പാരഡൈസോ ഗ്രൂപ്പ്’ എന്നിവിടങ്ങളിൽ പലപ്പോഴായി ചർച്ച ചെയ്തതും അതിൽ നിന്നൊക്കെ ആധാരമായതും സമാഹരിക്കപ്പെട്ടതുമാണ് താഴെകാണുന്ന ഈ കുറിപ്പുകൾ. ഗൂഗിൾ ബസ്സിൽ കമന്റ് ചെയ്ത എല്ലാ സിനിമാ പ്രേക്ഷകർക്കും,സിനിമാ പാരഡൈസോ ഗ്രൂപ്പിലെ അഡ്മിനുകൾക്കും അതിൽ കമന്റ് ചെയ്ത എല്ലാ ഗ്രൂപ്പിലെ അംഗങ്ങൾക്കും ഇതിനോട് സഹകരിച്ച നമ്മുടെ സ്വന്തം നാൻസിനും നിസ്സീമമായ നന്ദി അറിയിച്ച് കൊണ്ട് എല്ലാ സിനിമാ പ്രേമികൾക്കും സിനിമാ പ്രവർത്തകർക്കുമായി ഈ ഡോക്കുമെന്റ് സമർപ്പിക്കുകയാണ്.നിർദ്ദേശങ്ങളോ പുതിയ ക്ലീഷേകളോ ഉണ്ടെങ്കിൽ കമന്റുകളായി പങ്ക് വെയ്ക്കാവുന്നതാണ്.
നായകനുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന ചില വസ്തുതകൾ.
നായകന്റെ കഴിവുകൾ
- മിക്കപ്പോഴും നായകന്‍ സകല കലാ വല്ലഭനാണ് കുച്ചിപ്പുടി,കരാട്ടെ,നാടൻ അടി തുടങ്ങിയ ആയോധന കലകളിൽ അഗ്രഗണ്യൻ.ക്ലേ മോഡലിംഗ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,അക്യൂ പംങ്ങ്ചർ ചികിത്സ മുതൽ ശാസ്ത്രീയ സംഗീതത്തിലെയും വെസ്റ്റേൺ മ്യൂസിക്കിലെയും അപാരജ്ഞാനവും.സംസാരിക്കുമ്പോൾ തവള കരയുന്ന ശബ്ദമെങ്കിലും പാടുമ്പോൾ യേശുദാസിന്റെ ശബ്ദമാണ്.ഇതൊക്കെയാണേലും ആന്റി നായകനാണേൽ വെർജിനിറ്റി നിലനിർത്തിക്കൊണ്ടുള്ള പരസ്ത്രീ ബന്ധം,മദ്യപാനം ഒക്കെ ഉണ്ടാവും.
- തമിഴ്നാട്ടിലോ ഉത്തരേന്ത്യയിലോ,വിദേശത്തോ ജനിച്ച് വളർന്നതാണെങ്കിലും നാട്ടിലെത്തുന്നതോടെ മലയാള പണ്ഡിതരേപ്പോലും അതിശയിപ്പിക്കുമാറ് മാറ്റുള്ള മലയാളം, ശ്ലോകം എന്നിവ അഡാപ്റ്റ് ചെയ്യാനുള്ള കഴിവ്. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ കഴിയുന്നതും ഉപയോഗിക്കുന്നതും ഉത്തമം.
- നായകന്‍ എത്ര മെലിഞ്ഞു ശുഷ്കിച്ചവനാണെങ്കിലും ഘടാഘടിയന്മാരായ വില്ലന്മാരെ വളരെ ഈസിയായി ഇടിച്ചു നിരത്തുവാൻ കഴിയുന്നവനാണ്.
- നാട്ടിൽ തെണ്ടിത്തിരിഞ്ഞ് നിൽക്കുന്ന നായകൻ മുംബൈ,പൊള്ളാച്ചി,ദുബായ് എന്നീ സ്ഥലങ്ങളിൽപ്പോയാൽ പിന്നെ പിടിച്ചാൽ കിട്ടുകയില്ല. തിരികെ വരുന്നത് കേരളം മുഴുവൻ പർച്ചേസ് ചെയ്യാനുള്ള മൊതലുമായിട്ടാണ്. ജന്മം കൊണ്ട് സവർണ്ണർ, തറവാട് ക്ഷയിച്ചു പോയ നായകന്മാർ എന്നിവർക്കാണിത്തരം പർച്ചേസിംഗ് നടത്താനുള്ള പൈസ ഉണ്ടാക്കാൻ പിന്നീട് കഴിയുന്നത്.
- പഠിക്കാൻ മിടുക്കർ,റാങ്ക് ഹോൾഡറന്മാർ ഒക്കെ ആണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗുണ്ടയോ കാര്യസ്ഥനോ ഡ്രൈവറോ ആകുവാനാണ് പലപ്പോഴും വിധി.
- എന്തും സഹിക്കാനുള്ള കഴിവാണ് മറ്റൊന്ന്. പലപ്പോഴും വല്യേട്ടന്മാർ, സഹോദരങ്ങൾ അധികമുള്ള നായകന്മാരാണിത്തരക്കാർ.
- നായകൻ സത്യം പറയാൻ ശ്രമിക്കില്ല പലപ്പോഴും, കുഞ്ഞമ്മാവനോ കൂട്ടുകാരോ സത്യം പറയാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിനോടനുബന്ധിച്ച് മാത്രമേ അവർക്കത് പറയാനുള്ള അധികാരമുള്ളു.
- കൃഷിക്കാരനാണ് നായകനെങ്കിൽ മിനിമം കർഷകശ്രീ കിട്ടാനുള്ള തോട്ടം, രാവിലെയും ഉച്ചക്കും മുപ്പത് ലിറ്ററോളം ഒറ്റക്കറവിൽ കറക്കാൻ പറ്റുന്ന ഘടാഘടിയന്മാരായ പശുക്കൾ, പൊന്ന് വിളയിക്കുന്ന പാടം,കൂടെ ഒരു മന്ദബുദ്ധി തോട്ടം സൂക്ഷിപ്പുകാരൻ എന്നിവ ആവാം. ഐ എ സ്/ഐ പി എസ് പോലെയുള്ള ജോലികളിൽ ബോറഡിച്ചതോ ജേഷ്ഠന്മാരിൽ നിന്ന് വ്യത്യസ്തനാവുകയോ ആണ് ഇത്തരം നായകന്മാരുടെ പ്രത്യേകത.
- നായകന്‍ മിക്കവാറും വില്ലന്റെയും അവന്റെ പിതാമഹന്മാരുടെയും പൂർവ്വ ചരിത്രം സ്റ്റോർ ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ ആണ്.അപ്പനല്ല അപ്പന്റപ്പനും കൂട്ടിക്കൊടുത്ത കഥകൾ വില്ലനെ കണ്ട നിമിഷത്തിൽത്തന്നെ ഒരു ഗിരിപ്രഭാഷണമായി അവതരിപ്പിക്കാനുള്ള കഴിവുണ്ട്.
- നായകന്റെ പേര് പഴമയുള്ളതോ സ്റ്റൈലിഷായയോ ആയിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം.സാധാരണയായി ദൈവനാമങ്ങളോ കളർഫുള്ളായ പേരുകളോ ആവാം. രാഘവന്‍, നീലകണ്ഠൻ, പരമേശ്വരൻ, ഗോപാലകൃഷ്ണൻ, ബോബി, അലക്സ് തുടങ്ങിയ പേരുകളാണെങ്കിൽ ഉത്തമം. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെക്കാമെങ്കിൽ തറവാട്ട് മഹിമ ഒറ്റയടിക്ക് സൂചിപ്പിക്കാം.നായകന്‍ പൊതുവേ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതിയും വലിയൊരു തറവാട്ടിലുമാണ് ജനനമെങ്കിൽ സൂപ്പർ.
- നായകൻ സവർണ്ണനല്ല / ഉന്നത കുലജാതനല്ല എങ്കിൽ നായകൻ പ്രേമിച്ച് വിവാഹം കഴിക്കുന്നത് തമ്പുരാട്ടിക്കുട്ടിയെയോ, ഉന്നതകുലജാതിയായ നായികയേയോ ആയിരിക്കും. അല്ലെങ്കിൽ നായകന്റെ അമ്മ സവർണ്ണ തറവാട്ടിൽ നിന്ന് നായകന്റെ ദരിദ്രനായ അച്ഛന്റെയൊപ്പം ഇറങ്ങിവന്നവളായിരിക്കും. എങ്ങിനെയായാലും നായകന്റെ സവർണ്ണത ബാലൻസ് ചെയ്യപ്പെടും.
- ദ്വന്ദ്വ വ്യക്തിത്വങ്ങൾ,വേഷങ്ങൾ - പൊള്ളാച്ചിയിലെ ഗൗണ്ടർ,മിലിട്ടറിയിലെ കമാൻഡോ,അണ്ടർവേൾഡ് കിംഗ്സ് ഒക്കെ നാട്ടിൽ അതി സാധാരണക്കാരനായ നിഷ്ക്കളങ്കൻ ആണ്. എന്നിരിക്കിലും ഇതൊക്കെ ക്ലൈമാക്സിൽ വെളിപ്പെടുന്നു.
- നായകന് അഞ്ച് പൈസ വരുമാനമില്ലെങ്കിലും സിനിമയിൽ ഫുൾടൈം ഷൂവും ഇട്ട് ഇൻസെർട്ട് ചെയ്ത് കറങ്ങിനടക്കുന്നു.
- ഫിയറ്റ് പദ്മിനിയും മാരുതിയും മാറി ഓപ്പൺ ജീപ്പോ,റോയൽ എൻഫീൽഡ് ബൈക്കോ,ബെൻസ് കാറോ ആണ് നായകനു നാട്ടിൽ യാത്ര ചെയ്യുവാൻ പൊതുവേ വേണ്ട വാഹനങ്ങൾ.വിദേശത്താണെങ്കിൽ ഹെലിക്കോപ്റ്ററോ,ഹമ്മർ,റോൾസ് റോയിസ്,ലിമോസിൻ ഇവയിലേതെങ്കിലുമൊന്നോ ഇടകലർന്നോ ആവാം.
- ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളാണെങ്കിൽ പ്രധാന കണ്ടുപിടിത്തം,തെളിവ് എന്നിവ നായകനും മറ്റ് തുക്കടാ തെളിവുകൾ കൂട്ടാളികൾക്കും വീതിച്ച് കൊടുക്കേണ്ടതാകുന്നു. അതീവ സങ്കീർണ്ണമായ പാസ്വേർഡുകൾ നിമിഷങ്ങൾക്കുള്ളിൽ ഊഹിച്ച് കണ്ടെത്തുക എന്നത് നായകന്റെ ഹോബി മാത്രമാണ്.
- എത്ര നീളമുള്ളതും സങ്കീർണ്ണമായ ഡോക്കുമെന്റുകളും രേഖകളും രണ്ട് സെക്കന്റ് കൊണ്ട് വായിച്ച് മനസിലാക്കുന്നവനാണ് പലപ്പോഴും നായകൻ.
- സായിപ്പന്മാരോടും ഉത്തരേന്ത്യൻ ദുഷ്ടകഥാപാത്രങ്ങളോടും ഇംഗ്ലീഷിൽ പറഞ്ഞ് തുടങ്ങുന്ന തെറി നായകൻ ക്രമേണ ഒരു പ്രഭാഷണ പരമ്പരപോലെ മലയാളത്തിലേക്ക് മാറ്റുന്നു. സായിപ്പിനേക്കൊണ്ട് ഒന്നുകിൽ ഭാരതത്തെ പുകഴ്ത്തിപ്പറയുന്നത് വരെ ഈ പീഡനം തുടരണം.
- നായകന്റെ പിന്നിൽ ഒരു അഞ്ചു പേരെങ്കിലും എസ്കോർട്ടോയോ പാർശ്വവശങ്ങളിലോ ഉണ്ടാവുന്നത് അഭികാമ്യം.കഴിയുന്നതും ഡയലോഗുകൾ കഴിഞ്ഞുള്ള സ്ലോമോഷന്‍ നടത്തത്തിനാണ് ഇത് ഏറ്റവും ആവശ്യമായി വരിക.
- നായകന്റെ നാട്ടിലെ കൂട്ടുകാരൻ എപ്പോഴും ഒരു മണ്ടൻ ആയിരിക്കും. കോമൺസെൻസുള്ള കൂട്ടുകാർ സന്തത സഹചാരിയായി കാണുകയില്ല.കഴിവതും നായകന് കിട്ടാനുള്ള അടി മുഴുവന്‍ ഈ സുഹൃത്ത് വാങ്ങി കൂട്ടും.
- ഇതൊക്കെയാണെങ്കിലും നിയമപരമായോ രാഷ്ട്രീയപരമായോ ഏതെങ്കിലും ആവശ്യമെത്തുമ്പോൾ ഹൈക്കോർട്ടിലെ ജഡ്ജി മുതൽ പ്രധാനമന്ത്രി വരെയുള്ളവർ നായകന്റെ ബാച്ച്മേറ്റ്സോ അദ്ദേഹത്തെ വിലകൽപ്പിക്കുന്നവരോ ആകുന്നു.നായകന്റെ പഴയ തറവാട്ടിൽ അമ്മ ഒരേ ഇലയിൽ വിളമ്പിയ ചോറ് , സ്കൂളിലെ ചോറ്റുപാത്രം ഷെയർ ചെയ്യൽ, അല്ലെങ്കിൽ പഠനത്തിന് ആവശ്യമായ സഹായം ചെയ്യൽ ഒക്കെ ഫ്ലാഷ്ബാക്കായി ഒന്ന് ഓടിച്ച് കാണിക്കാവുന്നതാണ്.
- നായകന്റെ ശിങ്കടിയോ മറ്റ് ബന്ധുക്കളോ മിക്കപ്പോഴും വില്ലന്റെ കുത്തോ,സ്ത്രീകളാണെങ്കിൽ ബലാൽസംഗമോ ഏറ്റെടുത്ത് മരിക്കാൻ തയ്യാറുള്ളവർ ആണ്.നായകന് മരിച്ചയാളുടെ തല മടിയിൽ നിന്ന് താഴെ ഇറക്കി വച്ച് പ്രതികാരം തുടങ്ങുന്നതിനു വേണ്ടിയാണിത്.
- നായകൻ പോലീസോ സിവിൽ സർവ്വീസുകാരനോ ആണെങ്കിൽ മുഖ്യമന്ത്രിയാവും അദ്ദേഹത്തിന്റെ ആകെയുള്ള ഒരു കൂട്ടുകാരൻ. ഡിജിപ്പിക്കും മറ്റ് പോലീസുദ്യോഗസ്ഥരോടും ഇയാൾ കയർത്ത് സംസാരിക്കുമെന്ന് മാത്രമല്ല ഇവർക്കയാളെ പേടിയുമാണ്.
- ഇന്റർനാഷണൽ അധോലോകനായകനോ ഗുണ്ടയോ ആണ് നായകനെങ്കിൽ കൂടെ നടക്കാൻ പി ഏ ആയിട്ട് പെണ്ണ് വേണം. കേരളത്തിലാണെങ്കിൽ ഓട്ടോക്കാരുടെ സപ്പോർട്ട് മാത്രം മതിയാകും. പി എ നിർബന്ധമല്ല.
- നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ച് തള്ളിപറഞ്ഞ് കളയും. എല്ലാമറിയാവുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്സ് അടുക്കുന്നത് വരെ ഒന്നും മിണ്ടിപ്പോവരുതെന്ന അർത്ഥത്തിൽ നായകൻ കണ്ണുരുട്ടിക്കാണിക്കും.
- മിക്കപ്പോഴും സുന്ദരിയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ.നായകന്റെ കൂട്ടുകാരന് വേണമെങ്കിൽ അവളെക്കാൾ ഭംഗി കുറഞ്ഞ അവളുടെ കൂട്ടുകാരിയെ പ്രേമിക്കാം.
- പലപ്പോഴും വിവാഹം കഴിക്കാതെ നിൽക്കുന്ന അനിയത്തിമാരാണ് നായകന് സപ്പോർട്ട്. കെട്ടിച്ചയച്ച പെങ്ങന്മാരും അളിയന്മാരും എപ്പോഴും നായകന്റെയും കുടുംബത്തിന്റെയും പൈസ പിടുങ്ങുന്ന പരാദങ്ങളോ സ്വസ്ഥത നശിപ്പിക്കുന്നവരോ ആയിരിക്കണം.
- നായകനോ-നായികയോ ഇവരോട് ബന്ധമുള്ളവരോ എഴുതിയാൽ ഒന്നാം റാങ്ക് കിട്ടുന്ന പരീക്ഷകളേ ഇതുവരെ മലയാളസിനിമയിൽ പറഞ്ഞിട്ടുള്ളു.
- അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടിൽ കർക്കശക്കാരനായ ജേഷ്ഠ നായകന്റെ അദൃശ്യസ്നേഹം തിരിച്ചറിയാതെ ചതിക്കാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിൽ എല്ലാം കോംബ്ലിമെന്റ്സാകും.
- ക്ലൈമാക്സ് അടിയിൽ നായകൻ പ്രധാന വില്ലനോടും നായകന്റെ കൂട്ടുകാരൻ വില്ലന്റെ അനിയനോടും നായകന്റെ ശിങ്കിടിയായവർ യഥാവിധി ശക്തി കുറഞ്ഞ മണ്ടൻ ഗുണ്ടകളോടും ഏറ്റുമുട്ടുന്നു.
- നായകനെ പത്ത് പേര്‍ ചേർന്നാണ് ആക്രമിക്കാൻ വരുന്നതെങ്കിലും നായകന് കിട്ടുന്ന ഒരു വടിയിൽ കൊരുത്ത് എല്ലാറ്റിനെയും കറക്കിയെറിയുകയാണ് പതിവ്,അതിനു ശേഷം വൺ ബൈ വൺ ആയി മാത്രമേ ഇടിയുള്ളു.
- നായകൻ ക്ലൈമാക്സിലാണ് വില്ലനെ കൊലപ്പെടുത്തുന്നുവെങ്കിൽ പൊതുവേ ഐപ്പിസി പ്രയോഗിച്ച് നായകനെ അറസ്റ്റ് ചെയ്യാറില്ല.
- നായകന്റെ കയ്യില്‍ മെഷീൻ ഗണ്ണുണ്ടെങ്കിലും വില്ലനെ സാധാരണയായി ഇടിച്ച് മാത്രമേ കൊല്ലുകയുള്ളു.നല്ല ഇടി ഇടിക്കണം.
- പിന്നിൽ നിന്നും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചോ കുത്തിയോ മാത്രമേ നായകനെ പരിക്കേൽപ്പിക്കുവാൻ ഗുണ്ടകൾക്ക് അധികാരമുള്ളു. മുന്നിൽ നിന്നെങ്ങാനും കുത്തിയാൽ അവൻ വിവരമറിയും.
- നായകൻ പിസ്റ്റൾ ആണ് ഉപയോഗിക്കുന്നതെങ്കിലും റീലോഡ് ചെയ്യാതെ യഥേഷ്ടം വെടി വയ്ക്കാം.ഉണ്ട തീരാത്ത പ്രത്യേക തരം തോക്കാണത്.
- ഉന്നമുള്ള നായകൻ വെക്കുന്ന ഒറ്റവെടിക്ക് വില്ലൻ മരിക്കുന്നതാണ് നന്ന്.വില്ലന്മാർ പറപറാ വെടിവെച്ചാലും നായകന് കൊള്ളില്ല. കൊള്ളുകയാണെങ്കിൽത്തന്നെ കൈമുട്ടിനോ,ചെറുവിരലിനോ,തോളിനോ വരെയൊക്കെ ആകാം.
- പലപ്പോഴും വില്ലൻ വെടിവെക്കാൻ തുടങ്ങുമ്പോൾ ഉണ്ടകാണില്ല, ഉണ്ടയുള്ളപ്പോൾ സംസാരിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ അധികാരമുള്ളു. സംഘട്ടനത്തിലെ മൊത്തം ഇടിയുടെ 75 ശതമാനത്തോളം ഇടി വില്ലൻ ഡോമിനേറ്റഡ് ചെയ്തെങ്കിലും നായികയെ ബലാൽസംഗമോ ചെയ്ത ഓർമ്മകളോ മറ്റെന്തെങ്കിലും പ്രതികാര ദാഹമോ ആണ് ദുർബലനായതോ മൃതപ്രായനോ ആയ നായകനു വിജയം കൊണ്ടുവരുന്നത്.
- നല്ല സ്വഭാവം ഉള്ള പെൺകുട്ടികൾ ഒരു കാലത്ത് സാരി,ഫുൾ പാവാടാ,ധാവണി തുടങ്ങിയവ ധരിക്കുന്നു,അഹങ്കാരിപ്പെൺകുട്ടികൾ മോഡേൺ ഡ്രസ്സ് ധരിക്കുന്നു.
- വില്ലന്മാർ ഓടിക്കുന്ന നായികക്ക് ഓടിക്കേറാനുള്ളതാണ് പണി തീരാത്ത കെട്ടിടങ്ങൾ.
- കട്ടിലിൽ കമിഴ്ന്നടിച്ച് വിതുമ്പുന്ന നായിക.കട്ടിലും തലങ്ങണയും അഭിവാജ്യഘടകങ്ങൾ. നായകന്റെ അളിയനോ മറ്റോ ആ വഴി ലക്കു കെട്ട് വന്നാൽ നായിക ബലാൽസംഗത്തിന് ഇരയാവുക സ്വാഭാവികം.
- അഹങ്കാരം, കുശുമ്പ്, ഏഷണി, പരദൂഷണം തുടങ്ങിയ എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ആന്റി നായികയെ, നായകൻ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കുമ്പോൾ ആ ഒറ്റ അടിയോടെ എല്ലാം തികഞ്ഞ ‘സൽസ്വഭാവിനി‘ യായി മാറുന്നു.
- നായിക ഡിജിപിയുടെ മകൾ മന്ത്രി/എൻ.ആർ.ഐ പുത്രനുമായി കല്യാണം പറഞ്ഞിരിക്കുന്നു.
- നായിക സവർണ്ണ കുലജാതയാണെങ്കിൽ (മിക്കപ്പോഴും അങ്ങിനെയേ ആകാവൂ) ഗോപികാ നായർ/വർമ്മ, അശ്വതി മേനോൻ/നായർ, ശ്രീ ലക്ഷ്മി,എന്നീ പേരുകളായിരിക്കും.
- ബോംബെ/ ബാംഗ്ലൂർ/അമേരിക്ക എന്നിവിടങ്ങളിൽ നിന്നു വരുന്ന സവർണ്ണ നായികയാണെങ്കിൽ അഭിരാമി/നിരഞ്ജന/നീലാംബരി/അരുന്ധതി/ഭാമ എന്നീ പേരുകളായിരിക്കും പൊതുവിൽ ഉണ്ടാവുക.
- നായിക സമ്പന്ന കൃസ്ത്യാനിയാണെങ്കിൽ “മരിയ, അന്ന, ആൻ, ക്രിസ്റ്റൽ, ഏയ്ഞ്ചൽ, ക്രിസ്റ്റീന, ഡയാന” തുടങ്ങിയ പേരുകളായിരിക്കും.
- തന്റേടിയും, കുഴപ്പങ്ങൾ ഉണ്ടാക്കുന്നവളും, ഭയങ്കര കുസൃതിക്കാരിയും പിടിവാശിക്കാരിയുമായ ഏതു നായികക്കും പറയാൻ ഒരു അഭിശപ്തമായ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും. അത് കേൾക്കുമ്പോൾ/കാണുമ്പോൾ നായകനും പ്രേക്ഷകനും അവളോടുള്ള വെറുപ്പു മാറി ഇഷ്ടത്തിലാകുകയാണ്.
- വിവാഹിതനായ നായകൻ നായികയോട് പ്രണയമോ സെക്സോ പ്രകടിപ്പിക്കുന്നില്ലെങ്കിൽ നായിക അവനെ വശീകരിക്കാൻ അർദ്ധനഗ്നയായി ആടിപ്പാടും.(നായികയുടെ അമ്മായിക്കഥാപാത്രങ്ങളുടെ നിർദ്ദേശപ്രകാരം ബെഡ് റൂമിലായിരിക്കും ഇത് സംഭവിക്കുക) ജനൽ കർട്ടനുകൾ, നായികയുടെ വസ്ത്രം എന്നിവ പറക്കുന്ന തരത്തിൽ മുറിയിൽ കാറ്റു വീശും. നായകൻ കാൺകേ നായിക മുന്തിരിയോ ആപ്പിളോ നിർബന്ധമായും കടിച്ചിരിക്കണം.
- നായിക അനാഥയാണെങ്കിൽ സിനിമയുടെ ക്ലൈമാക്സിൽ കറങ്ങിത്തിരിഞ്ഞ് സവർണ്ണനായ വില്ലന്റെ അവിഹിത സന്തതിയോ അല്ലെങ്കിൽ സവർണ്ണനായ നായകന്റെ മുറപ്പെണ്ണോ ആയിരിക്കും.
- മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
- നായിക വളരെ തന്റേടിയും വാക് ചാതുരിയുമുള്ളവളാണെങ്കിൽ പച്ചക്കറിക്കടയിൽ/പല ചരക്കു കടയിൽ/ബസ്സിൽ/ഓട്ടോറിക്ഷകാരനോട് ബാക്കി കിട്ടാനുള്ള 50 പൈസക്ക് വേണ്ടി തല്ലു കൂടുന്ന സീനുണ്ടാവുന്ന തരത്തിൽ ചിത്രീകരിക്കാവുന്നതാണ്. നായികയുടെ വാക് സാമര്ത്ഥ്യ ത്തിൽ പെങ്ങളേന്ന് വിളിച്ച് എതിരാളി തോറ്റ് തുന്നം പാടണം.
- ദാവണിക്കാരിയും പട്ട് പാവാടയിട്ട് വയൽ വരമ്പത്തൂടെ ഓടുന്ന ടൈപ്പാണ് നാട്ടുമ്പുറത്തെ നായിക.
- നായിക എത്ര ലജ്ജാവതിയാണെങ്കിലും ഇടിമിന്നലോ മറ്റോ വന്നാൽ നായകനെ ഒരു ലജ്ജയും കൂടാതെ കെട്ടിപ്പിടിച്ചിരിക്കും.പലപ്പോഴും ആദ്യമായി നടക്കുന്ന ഈ കെട്ടിപ്പിടി,ദേഹത്ത് മറിഞ്ഞ് വീഴൽ രംഗങ്ങളാണ് നായകനും നായികയുമായി അടുക്കാൻ കാരണമാകുന്നത്.
- അന്ധർ,കുട്ടികൾ,വൈകല്യമേറിയവരെ റോഡ് ക്രോസ് ചെയ്യിക്കാൻ സഹായിക്കുന്നവളാകണം നായിക.ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ആണെങ്കിൽ ഉത്തമ നായികമാരായിക്കഴിഞ്ഞു.
- ജയിലിൽ പോകുന്ന നായകന്മാർക്ക് ചാരിത്ര്യം സൂക്ഷിച്ച് വർഷക്കണക്കിന് കാത്തിരിക്കുന്നവരാണ് പൊതുവേയുള്ളത്.
- നായികക്ക് കടിക്കുവാൻ പലപ്പോഴും ഗുണ്ടയുടെ കൈയ്യാണുണ്ടാവുക. കടിച്ചിട്ടോടി രക്ഷപെടുന്ന നായികയുടെ പിറകേ എത്ര ആരോഗ്യവാനായ ഗുണ്ടയും കിലോമീറ്ററുകളോളം ഓടിയാലും നായികയുടെ ഏഴയലത്ത് എത്തിച്ചേരാൻ പറ്റുകയില്ല. നായിക അവസാനം നായകന്റെ നെഞ്ചത്ത് ഇടിച്ചാണ് നിൽക്കുക.ഗുണ്ടയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
- സിനിമയിലുടനീളം കാട്ടുപോത്തിന്റെ ശൗര്യവും വീര്യവുമാണെങ്കിലും നായകന്റെ ഒറ്റ ആലിംഗനത്തിലോ ചുംബനത്തിലോ തരളിതയായി മസാൽദസ ആകുന്നത് ഒരു വിധം നായികമാർക്ക് നല്ലതാണ്.
- നായിക ആരെയൊക്കെ പ്രേമിച്ചെന്നാകിലും ഫൈനല്ലി നായകന്റെ മാത്രം സ്വന്തമാണ്.ഇന്നലെ വരെപ്രേമിച്ച് കത്തയച്ച് കൊണ്ടിരുന്ന അമേരിക്കൻ ഡോക്ടറും മുറച്ചെറുക്കന്മാരുമായ രാജേട്ടൻ,പ്രേമേട്ടൻ തുടങ്ങിയവർക്കാണ് ഗുഡ് ലക്ക് ശോഭേ എന്ന് പറഞ്ഞ് പിൻവാങ്ങാനുള്ള ദുര്യോഗം പലപ്പോഴുമുണ്ടാവുക.
- വില്ലൻ ബ്ലാക്ക്മെയിൽ ചെയ്താലും അത് രാജേട്ടനോട് പറയാതെ നീറി നീറിക്കഴിയുന്ന നായിക.ക്ലൈമാക്സി രാജേട്ടൻ തന്നെയാണീ ഇഷ്യൂ ഫിക്സ് ചെയ്യുന്നതെന്നും ഓർക്കണം.
- നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേർ ആയിരിക്കും. നായികയുടെ നിഷ്ക്കളങ്ക സ്വഭാവത്തെ കാണിക്കുകയാണിത്.ഇത്രയും നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂപീസില്‍ വരാനും മടിക്കില്ല.
- ഗ്രാമീണ നായിക പൊതുവേ പ്രേമത്തിനോ പ്രേമ പ്രകടനത്തിനോ മുൻകയ്യെടുക്കാറില്ല. അത് നായകന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നഗരത്തിലെ നായികക്ക് അതാവാം. നായകന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമുള്ള അവകാശം നഗരത്തിലെ നായികക്കാണ്. ഇതിഷ്ടപ്പെടാതെ നാട്ടുമ്പുറത്ത്കാരിയും തുളസിക്കതിരും ചൂടിയ നായികമാരിലേക്ക് തിരിയുന്ന നായകനെയും കാണാവുന്നതാണ്.
- വില്ലന്മാരുടെ സങ്കേതത്തിൽ പൊതുവേ ഉപയോഗശൂന്യമായ ടാർ വീപ്പകൾ അടുക്കി വച്ചിരിക്കുന്നു,ടയറുകൾ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം പെട്ടികൾ വെറുതേ അടുക്കിവച്ചിരിക്കുന്നു.ചങ്ങല,കയർ ഇവ ചുമ്മാതെ ഒരു റൂഫിൽ നിന്നും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.അനാവശ്യമായ ബൾബുകൾ അങ്ങിങ്ങായി കത്തിച്ചിട്ടിരിക്കുന്നു. ട്യൂബ് ലൈറ്റ് ഫ്യൂസായതു അൻപതെണ്ണം, ചാരി വച്ചിരിക്കുന്ന കുഴലുകൾ, ഗ്ലാസ്സ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന വാതിലുകൾ ഒക്കെ ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത ആണ്.
- രഹസ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കൽ ,സ്വത്തുക്കളടങ്ങുന്ന രേഖയിൽ ഒപ്പിടീക്കൽ എന്നതൊക്കെയാണ് പണ്ട് കാലത്തുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം റിക്വയർമെന്റ്സ്.
- അൽപ്പം വഷളന്മാരായ വില്ലൻമാരാണെങ്കിൽ നായിക ഡ്രസ്സ് മാറുന്നതോ കുളിക്കുന്നതോ ആയ രംഗങ്ങൾ ഒളിക്യാമറ വച്ച് പിടിച്ച് പിന്നീട് നായികമാരെ ക്ലൈമാക്സിനു തൊട്ടു മുമ്പു വരെ ബ്ലാക്ക് മെയിൽ ചെയ്യാവുന്നതാണ്.
- നായകനെ തോല്പ്പി്ക്കാനുള്ള മറ്റൊരു വഴി നായകന്റെ അനിയനെയോ ഉത്തമസുഹൃത്തിനെയോ വശത്താക്കുന്നതാണെങ്കിലും മിക്കപ്പോഴും ക്ലൈമാക്സിനോടനുബന്ധിച്ച് ഇത്തരം നന്ദിയില്ലാത്തവർ തന്നെ കാലുമാറുകയോ അല്ലെങ്കിൽ വില്ലനെ വകവരുത്തുകയോ ചെയ്യുന്നു.പൂവർ ഗയ്സ്..!
- കഴിവതും ഒരു പ്രഭാഷണത്തിനു ശേഷമേ ബലാൽസംഗമോ വെടിവയ്ക്കാനോ മറ്റേതെങ്കിലും തരത്തിൽ കൊല്ലാനോ വില്ലന്മാർ തുനിയുകയുള്ളു. ഈ ഇന്റർവെല്ലാണ് നായികക്കോ നായകനോ രക്ഷപെടാനുള്ള സമയം.ക്ലൈമാക്സ് വരെ വില്ലത്തരത്തിൽ അപാരമായ കോൺഫിഡൻസുള്ളവർ അവസാനം പലപ്പോഴും നായകന്റെ കാലിൽപ്പിടിച്ച് കൊല്ലല്ലേയെന്ന് കരയുന്നവരാണ്.സകല സ്വത്തുക്കളും ഓഫർ ചെയ്യുകയും ആവാം.
- പിറകിൽ നിന്നു കുത്തുവാനാണ് വില്ലനു പദ്ധതിയെങ്കിൽ അത് നായകനെ സൂചിപ്പിക്കുന്ന തരത്തിൽ അലറിയോ മറ്റേതെങ്കിലും തരത്തിലുള്ള ഇൻഡിക്കേഷൻസോ കൊടുക്കേണ്ടതാണ്.പലപ്പോഴും അലറിക്കൊണ്ട് ഓടി വരുന്ന വില്ലൻ നായകൻ ഒഴിഞ്ഞ് മാറുമ്പോൾ കാളവണ്ടിയുടെ ചക്രത്തിലോ ഗേറ്റിന്റെ കമ്പിയിലോ മറ്റെന്തെങ്കിലും കൂർത്ത വസ്തുക്കളിലോ കൊണ്ട് വില്ലന് ചരമം പ്രാപിക്കാവുന്നതാണ്.
- പിന്നിൽ നിന്ന് കുത്തുക എന്നത് പലപ്പോഴും നായകന്റെ കൂടെയുള്ളതോ ബന്ധപ്പെട്ടവരോ മാത്രമായ വില്ലന്മാർക്ക് കൈവരുന്ന അവസരമാണ്.കഴിവതും കുത്തേറ്റയാൾ കുത്തിയാളെ ഓടി രക്ഷപെടുവാൻ പ്രേരിപ്പിക്കുന്നതാണ് കണ്ട് വരുന്നത്.
- വാടകക്കൊലയാളികൾ മലയാളികൾ കുറവാണ്.പൂച്ചക്കണ്ണുള്ള ഉത്തരേന്ത്യക്കാരാണെങ്കിൽ ഉത്തമം.മലയാളി വില്ലന്മാർക്കെന്താ പ്രശ്നം ?
- അന്യഭാഷാ മല്ലന്മാരായ ഇടിക്കാരാണെങ്കിൽ ഇടിക്കളത്തിലേക്ക് ചാടിയിറങ്ങി തല അങ്ങോട്ടും ഇങ്ങോട്ടും ഞൊട്ട ഇടുന്ന തരത്തിൽ വെട്ടിക്കാവുന്നതാണ്.പല്ല് കടിച്ചു പിടിച്ച് ചെവിയിൽ വിരലിട്ട് തിരിക്കുക എന്നതാണ് വില്ലന്മാർ പ്രയോഗിക്കുന്ന മറ്റൊരു മാനറിസം.
- നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.
- മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം.
- വില്ലന്റെ ബോഡി ലാംഗ്വേജ് പതിയെ ആകും തോറും ക്രൂരതയുടെ അളവും കൂടും. ശാന്തനായ വില്ലനെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.പലപ്പോഴും സുന്ദരന്മാരായ വില്ലന്മാർക്കുള്ള റിക്വയർമെന്റ് നായികയോടൊത്ത് ഒരേയൊരു തവണ ശയിക്കുക എന്നത് മാത്രമാണ്.
- അൾസേഷ്യൻ,ഡോബർമാൻ തുടങ്ങിയ നായ്കൾ,മുതലക്കുഞ്ഞുങ്ങൾ,വലിയ പ്രായമായ ചീങ്കണ്ണികളെയൊക്കെയാണ് പഴയ സിനിമകളിൽ വില്ലന്റെ സങ്കേതകങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്.
- മാദകനൃത്തമോ ഡിസ്ക്കോയോ ഇവിടങ്ങളിൽ മസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
- പ്രഭാതം പൊട്ടി വിരിയുന്നത് പുഴക്കടവിലോ മലയുടെ മുകളിലോ ആവുന്നതാണ് അഭികാമ്യം.
- പക്ഷികൾ കൊക്കുരുമ്മുന്നത് – അതി ഭയങ്കരമായ ചുംബന സീനുകളെ സൂചിപ്പിക്കുന്നു.
- പാമ്പുകൾ കെട്ടിപ്പുണരുന്നു – കട്ടിലിലേക്ക് നായകനും നായികയും ആലിംഗന ബദ്ധരായി വീണു കഴിഞ്ഞു.
- മഴത്തുള്ളികൾ ഇറ്റ് വീഴുന്നു – സംഗതി കഴിഞ്ഞിരിക്കുന്നു ഉണ്യോളേ…
- പൂ വിടരുന്നു – നായികക്ക് മെൻസസ് ആവുകയാണ്,അല്ലെങ്കിൽ പുഷ്പവതിയെന്നോ ചൈത്രവതിയെന്നോ പ്രയോഗിച്ച് ഒരു ഗാനസന്ദർഭം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
- മദ്യക്കുപ്പി പൊട്ടി നുരചിതറുന്ന ക്ലോസപ്പ് സീൻ – നായിക ബലാൽസംഗം ചെയ്യപ്പെടുന്നു.
- നായികയുടെ മുടി അലങ്കോലമായിരിക്കുന്നു,ബെഡ്ഷീറ്റ് പുതച്ച് കൂനിക്കൂടി മുറിയുടെ മൂലയിലിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു,പൊട്ട് മാഞ്ഞിരിക്കുന്നു – നായിക ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു…!!
- ചെറിയ രീതിയിൽ ഉലഞ്ഞ മുടിയോ,പൊസിഷൻ മാറിയ പൊട്ടോ ആണെങ്കിൽ - കാമുകന്റെയോ ഭർത്താവിന്റെയോ ആക്രാന്തത്തെ സൂചിപ്പിക്കാം.
- കടലില്‍ തിരയടിക്കുന്നു,കാറ്റ് വീശുന്നു,കിളികളും മൃഗങ്ങളുമൊക്കെ ഓടി നടക്കുന്നു – കാലം കടന്നു പോവുന്നത് സൂചിപ്പിക്കാം.
- കിന്നാരത്തുമ്പികൾ മോഡലിലുള്ള ചിത്രങ്ങളിലെ ഹും ഹും ഹും ശബ്ദം – കേട്ട് പണ്ട് സായിപ്പ് ചോദിച്ചു , നിങ്ങളുടെ സിനിമകളിൽ ഈ പുറത്ത് കിടന്നുരുണ്ട് ഹും ഹും ഹും എന്ന് പറയുന്നതിനേയാണോ സെക്സ് എന്ന് വിളിക്കുന്നതെന്ന്.
- ക്ലൈമാക്സ് സീനുകൾ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.
- കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.
- തിരക്കുള്ള ടൗണിൽക്കൊണ്ടു പോയി കാറ് പാർക്ക് ചെയ്താലും വിൻഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകൾ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിർത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.
- നായകന്‍ അച്ഛനാണെങ്കില്‍ (നായകന്‍ വേണമെന്നില്ല നായകനോടൊപ്പം നില്ക്കുന്ന മറ്റേത് കഥാപാത്രവും) വീട്ടിലേക്ക് വരുമ്പോള്‍ നായകന്‍/ മറ്റൊരു കഥാപാത്രത്തിന്റെ വീടാണെന്നും വീട്ടുകാരാണെന്നും എസ്റ്റാബ്ലിഷ് ചെയ്യിക്കാൻ..ഗേറ്റ് കടന്നു വരുമ്പോള്‍ ഉമ്മറത്തിരിക്കുന്ന കുട്ടികള്‍ “ അച്ഛാ..” അകത്തേക്ക് തിരിഞ്ഞ് “ അമ്മേ ദാ അച്ഛന്‍ വന്നൂ....” (ഇത് നായകന്റെ വീടാണെന്നും നായകന്റെ കുട്ടികള്‍ - ഭാര്യ ആണെന്നും രജിസ്റ്റര്‍ ആയിക്കഴിഞ്ഞു)
- ഇത് അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : “ അമ്മേ ദേ ചേട്ടന്‍ വന്നൂ...” (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)
- ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴൻ/ആദിവാസി എർത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിർബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവർക്ക് പണം ഒരു വിഷയമല്ല.
- മിക്ക സിനിമകളിലും സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാൽ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.
- പട്ടണത്തിലെ റെസിഡെൻഷ്യൽ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാൽക്കാരന്റെ കുടത്തിൽ കൊള്ളും.
- ആശാനേയ്..തമ്പുരാനേയ്...അണ്ണാാാ...എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിൾ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്...അല്ലെങ്കിൽ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകൻ ആ സമയം പുറം തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ സ്ലോമോഷനിൽ തിരിയാനുള്ള അവസരവുമാണിത്. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ് ഇന്ദ്രൻസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ.പൊതുവേ മെലിഞ്ഞ കൊമേഡിയന്മാരാണിത്തരം രംഗത്തിനുതകുക.
- കറന്റടിക്കുമ്പോൾ ദേഹമാസകലം ഒരു നീലവെളിച്ചം പാഞ്ഞുനടക്കുന്നത് കാണിക്കാം.
- നായകന് മികപ്പോഴും അവാർഡ് തുക,മത്സരത്തിന്റെ ഒക്കെ ഒന്നാം സമ്മാനം കിട്ടിയ പണം പത്ത് കോടി ലോട്ടറി അടിച്ചതിനേക്കാൾ ഉണ്ടാവും .ഈ സമ്മാനവും തുകയും വച്ചാണ് പല പദ്ധതികളും ഇയാൾ പ്ലാൻ ചെയ്യുന്നത്.അവസാനം ആ മത്സരത്തിൽ ഇദ്ദേഹമല്ലാതെ മറ്റാർക്കും ജയിക്കാനും കഴിയുന്നില്ല.
- മണിക്കൂറുകളോളം ദിവസങ്ങളോളം ഉറങ്ങിയാലും വായ്നാറ്റമില്ലാത്ത കഥാപാത്രങ്ങളാണ് നമുക്കുള്ളത്. കിടക്കപ്പായയിൽ രാവിലെ വാ പോലും കഴുകാതെ ചുംബന രംഗങ്ങളിലും കൊഴുത്ത സെക്സിലുമേർപ്പെടുക എന്നത് ഇന്റർനാഷണൽ ലെവൽ വരെ അംഗീകരിച്ചിട്ടുള്ള ക്ലീഷേകളിലൊന്നാണ്. (ഇന്ത്യൻ റുപ്പിയിൽ ആങ്ങളയുടെ വായ് നാറുന്നു എന്ന് പറയുന്നതിതിന് അപവാദമാണെന്ന് കൂടി പറയാതെ വയ്യ..കയ്യടികൾ )
- ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാനിയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.
- നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.
- സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ. സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.
- പ്രേതങ്ങളും നഴ്സുമാരും എന്നും വെള്ള സാരി ഉടുക്കും, കാര്യസ്ഥന്മാർക്ക് പൊതുവേ ഷർട്ട് വേണമെന്നില്ല.വേലക്കാരി മുണ്ടും ബ്ലൗസും മാത്രമേ ധരിക്കുകയുള്ളു.മെഗാസ്റ്റാർ നായകന്‍ ആണെങ്കിൽ കൂളിങ്ങ് ഗ്ലാസ് പലവിധത്തിലുള്ളത് ആവശ്യമാണ്.
- ഡ്രൈവറന്മാർ ആണെങ്കിൽ വെള്ളയോ കാക്കിയോ മസ്റ്റാണ്. ധനികന്റെ ഡ്രൈവറാണെങ്കിൽ ഒരു വെളുത്ത തൊപ്പിയുമാകാം.
- യക്ഷികൾ എല്ലാം വെള്ള സാരിയുമുടുത്ത് മുടിയഴിച്ചിട്ട് പാട്ടും പാടി നടക്കും.ചുണ്ണാമ്പ് ഇവരുടെ ജന്മാവകാശമാണ്.
- ഫ്രോഡ് യക്ഷികളാണെങ്കിൽ വെള്ളസാരി,ചിരട്ട,ടേപ്പ് റിക്കോർഡർ എന്നിവ മതിയാവും.
- വനിതാ ക്ലബ്ബില്‍ പോകുന്ന മിക്ക സ്ത്രീകളും പട്ടുസാരി,സ്വർണ്ണ-വജ്രാഭരണ വിഭൂഷിതരായവർ,ലിപ്സ്റ്റിക്ക് കമ്പനിയുള്ളവർ, പൊമറേനിയൻ പട്ടി എന്നിവ സ്വന്തമായുള്ളവരായിരിക്കണം. മിസ്സിസ് കെ കെ നായർ, ഷീല ജോസഫ് പുന്നക്കാടൻ എന്നൊക്കെയുള്ള പേരുകളിലാവാം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുക.
- വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല.എന്നാൽ കളക്റ്റർ,വക്കീൽ,ഐ എ എസ്സുദ്യോഗസ്ഥരായ സ്ത്രീകൾ വീട്ടിലാണെങ്കിൽപ്പോലും ധരിക്കുന്ന ബ്ലൗസിനു ഫുൾക്കൈയ്യും പുറം മുഴുവൻ മൂടിയതുമാണ്.
- നായിക ടീച്ചറാണെങ്കില്‍ കയ്യില്‍ 2 മടക്കുള്ള കുട,ഏതെങ്കിലും പുസ്തകം നെഞ്ചില്‍ ചേർത്ത് പിടിച്ചത്,പിന്നെ ഹാൻഡ് ബാഗ്,ഒരു കണ്ണട എന്നിവയാവാം.
- നായിക പത്രപ്രവർത്തകയാണെങ്കിൽ കണ്ണടയും ഖദർ കുർത്തയും നിർബന്ധം. ജന്മനാ തന്നെ സാമൂഹ്യപ്രവർത്തകയായിരിക്കും. നായിക കൊണ്ടുവരുന്ന ‘നന്മയുള്ള ഒരു ന്യൂസും‘ പത്രമുതലാളിയോ ചാനൽ എം ഡിയോ പ്രസിദ്ധീകരിക്കില്ല. ( പത്രപ്രവർത്തകയായ നായികയുടെ ഈ ‘ഡ്രസ്സ് കോഡ്’ മലയാള സിനിമയിൽ പൊളിച്ചടുക്കിയത് ‘അർജ്ജുനൻ സാക്ഷി‘ എന്ന സിനിമയിൽ കോസ്റ്റ്യൂമർ സമീറാ സനീഷ് ആണെന്ന് കൂടി ഈയവസരത്തിൽ പറയട്ടെ)
- നായിക ടി വി ജേർണലിസ്റ്റ് ആണെങ്കിൽ ജീൻസും കുർത്തയുമായിരിക്കണം. ഇനി ഡ്രസ് കോഡ് എങ്ങിനെയായാലും സാമൂഹ്യപ്രതിബദ്ധത,ചാരിറ്റി,നന്മ എന്നിവ നിർബന്ധമായിരിക്കും.എത്ര പുരോഗമന ചിന്താഗതി ഉണ്ടായാലും ഒടുവിൽ നായകനെ വിവാഹം കഴിക്കാനും നായകന്റെ നെഞ്ചത്ത് കിടക്കാനും സ്വപ്നം കാണുന്നവളായിരിക്കണം നായിക.
- നായികയോ സഹസ്ത്രീ കഥാപാത്രങ്ങളോ എത്ര ദരിദ്രരായിരുന്നാലും വിലകൂടിയ ഡിസൈനർ ചുരിദാറുകളോ സാരികളോ ധരിക്കണം. വീടിനകത്തോ അടുക്കളയിലോ ആയാലും ചുരിദാറിന്റെ ഷാളടക്കം ഫുൾ മേക്കപ്പിലായിരിക്കും (അതിനൊരപവാദം സംവിധായകൻ രഞ്ജിത്തിന്റെ ‘ഇന്ത്യൻ റുപ്പീ‘ എന്ന സിനിമയിലെ മല്ലികയുടെ കഥാപാത്രമാണ്)
- കോളേജിന്റെ വരാന്തയിൽ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാൻസ് ചെയ്യുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ.
- കോളേജിലെത്തുന്ന കൊമേഡിയന്മാരെയോ മറ്റ് സഹപാഠികളെയോ തോളിലേറ്റി ഒരു ജാഥയായി കൊണ്ടുവരിക എന്നത് കോളേജ് വിദ്യാർത്ഥികളുടെ മറ്റൊരു പ്രത്യേകതയാണ്.
- മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാൻ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജിൽത്തന്നെ പഠിക്കുകയും വേണം.
- ക്യാമ്പസ് കഥയാണെങ്കിൽ പ്രധാനമായും ഒരു പള്ളീലച്ചൻ(ഫാദര്‍) ലക്ചററായോ ഹോസ്റ്റൽ വാർഡനായോ പ്രിൻസിപ്പളായോ ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം.
- ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാണ് കോളേജിൽ കോമഡി കാണിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടർ.
- ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എർത്ത് കൂട്ടുകാരൻ ഉണ്ടാവും. നായകന്റെ പ്രേമം പൊളിഞ്ഞാലും തെറ്റിദ്ധരിക്കപ്പെട്ടാലും നായകനേക്കാൾ സങ്കടം കൂടുതലുള്ളതും ഈ ഇഷ്യു ഫിക്സ് ചെയ്യാനുള്ള തന്ത്രവും ഈ കൂട്ടുകാരന്റെ ചുമതലയാണ്.
- ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്.
- ക്യാമ്പസ്/ടീനേജ് പിള്ളേരാണോ..തീർന്നു..ഇവർക്ക് മാതാപിതാക്കളിൽ നിന്ന് ഒരു തുള്ളി സ്നേഹം കിട്ടുകയില്ല. ഒക്കെ ഫ്രണ്ട്സ് ആയിരിക്കും.ഫ്രണ്ട്ഷിപ്പിന് വേണ്ടി ഇവർ മരിക്കാനും തയ്യാറാണ്.
- നായകനോ നായികയോ അവരോട് ബന്ധപ്പെട്ടവരോ ആണെങ്കിൽ പഠനം,സ്പോർട്സ്, രാഷ്ട്രീയം, പ്രസംഗം,സംഗീതം,നൃത്തം തുടങ്ങി മിക്കയിനങ്ങളിലും ഒന്നാം സമ്മാനത്തിനർഹരാണ് എന്ന് മാത്രമല്ല എക്സാമിനു ഫസ്റ്റ് റാങ്ക് ഉറപ്പുമാണ്.
- കലോൽസവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെൺകുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്.
- കോളേജ് കുട്ടികൾ ഗാനം കേട്ടാൽ കൂട്ടമായി ഡാൻസ് ചെയ്യുന്നവരോ സംഘമായി നിന്ന് ഗാനത്തിന്റെ ഈണത്തിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും മന്ദബുദ്ധികളെപ്പോലെ തല ആട്ടുന്നവരോ ആണ്.
- കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങൾക്കുള്ള മാർഗനിർദ്ദേശിയായി ഒരു അച്ചായൻ ഉണ്ടാവും.
- ആർക്കെങ്കിലും അസുഖം വന്ന് ഗുരുതരമായി ആശുപത്രിയിലാണെന്ന് കാണിക്കണമെങ്കിൽ ഒരു കമ്പ്യൂട്ടർ മോനിട്ടറും ഒരു ഗ്രാഫും മതി. ഏക്കെന്ത് പൂക്കെന്തെന്നറിയാത്ത ഏത് സാധാരണക്കാരനായ നായകനോ ബന്ധുക്കൾക്കോ ഈ ഗ്രാഫ് കൃത്യമായി മനസിലാവുന്നതുമാണ്.
- Wrong Password അല്ലെങ്കിൽ Password Accepted എന്ന് ഫ്ലിക്കറിംഗ് മോഡിൽ സ്ക്രീൻ മുഴുവൻ എഴുതിക്കാണിക്കുന്നത് നായകൻ ലോഗിൻ ചെയ്യുന്ന ഇ-മെയിൽ സിസ്റ്റത്തിന്റെയോ പ്രോഗ്രാമിന്റെയോ പ്രത്യേകതയാണ്.
- വിൻഡോസിൽ ഫയൽ കോപ്പി ചെയ്യുന്നത് പോലെയാണ് പലപ്പോഴും ബാങ്ക് ട്രാൻസ്ഫറുകൾ നടക്കുക.
- വൈറസ് ഡൗൺലോഡിംഗ് എന്ന് എഴുതിക്കാണിക്കുന്നത് സാധാരണമായിരുന്നു.
- വില്ലന്റെ കംബ്ലീറ്റ് രഹസ്യങ്ങളും ഒരു ഫ്ലോപ്പിയിലോ സീഡിയിലോ ഒരു പവർ പോയിന്റ് പ്രസന്റേഷൻ പോലെ ഉണ്ടാക്കി സൂക്ഷിക്കുന്നതാണ്. എത്ര കോബ്ലിക്കേറ്റഡ് ആയ പാസ് വേർഡുകളാണെങ്കിൽ നായകനത് ഊഹിച്ച് കണ്ട് പിടിക്കാൻ സാധിക്കുന്നു.
- കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഒരോ കീസ്ട്രോക്കിനും പി പി പി എന്നുള്ള ബീപ് സൗണ്ട് നിർബന്ധം.
- ഇടക്കാലത്ത് ഒരു ഫ്ലോപ്പി ഡിസ്ക്കിലായിരുന്നു സസ്പെൻസ് മുഴുവന്‍. അവസാനം അതു കമ്പ്യൂട്ടറിൽ ഇട്ട് നോക്കുമ്പോൾ വില്ലന്മാരുടെ പ്ലാനിംഗ് അടങ്ങിയ ഒരു ഫുള്ള് വീഡിയോ തന്നെ ഉണ്ടാവും.(ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള -ഏറ്റവും കമ്പ്രസ് ചെയ്ത വീഡിയോ ആണെങ്കിലും മിനിമം പത്ത് എംബിയെങ്കിലുമുണ്ടാവും.)
- കംമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന രേഖാചിത്രം മിക്കപ്പോഴും വില്ലന്മാരുടെ ഫോട്ടോയെ വെല്ലുന്നതാണ്.
- ഇന്റലിജൻസ് റെയ്ഡ് നടത്തുമ്പോൾ കെട്ട് കണക്കിനുള്ള രേഖകൾ പരിശോധിക്കുന്നതിനു മുമ്പേ അറസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കും. പുലർച്ചെ വരെ പരിശോധിച്ച് ഒന്നും കിട്ടാത്തവരായി മടങ്ങാനാണ് ഭൂരിഭാഗം റെയ്ഡ് ഉദ്യോഗസ്ഥരുടെയും വിധി.
- മിക്കപ്പോഴും കമ്പ്യൂട്ടറിന്റെ കീബോർഡിൽ ഒറ്റ കീ അമർത്തുമ്പോൾത്തന്നെ വീഡിയോ ചാറ്റിംഗോ ആവശ്യമായ വീഡിയോയോ മറ്റോ പ്രവർത്തനക്ഷമമാകും.
- ഒരു സ്ട്രീമിംഗ് പ്രശ്നങ്ങളുമില്ലാതെ എത്ര സ്ലോ ഇന്റർനെറ്റ് കണക്ഷനും പ്രവർത്തിക്കുന്നു. വീഡിയോ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു എന്നതൊക്കെ സിനിമയിൽ മാത്രമുള്ള സംഗതികളാണ്.
- പ്രേമിക്കുമ്പോഴും, വള്ളം തുഴയുമ്പോഴും, ഞാറു നടുമ്പോഴും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പൂസാകുമ്പോഴും, ഏതു ഫങ്ങ്ഷൻ നടക്കുമ്പോഴും, ഏതു ബർത്ത് ഡേയ്ക്ക് പോകുമ്പോഴും, ഏത് ബാറിൽ പോകുമ്പോഴും ഒക്കെ മിക്കവാറും നായകൻ/നായിക തന്നെ ഒരോ പാട്ട്, ചിത്ര/യേശുദാസിനേപ്പോലെ, മധുരമായങ്ങ് കാച്ചുകയാണ്.ആരെങ്കിലും പാടുകയാണെങ്കിൽ പാട്ടിന്റെ ബാക്കി പാടും,ഡാൻസിന്റെ അതിസങ്കീർണ്ണമായ താളത്തിനൊത്ത് തുള്ളും.
- കല്യാണം കഴിഞ്ഞെങ്കിൽ ഒറ്റയൊരു പാട്ട് സീൻ കൊണ്ട് ആദ്യരാത്രിയും ഗർഭവും പ്രസവും കഴിക്കാവുന്നതാണ്.
- കല്യാണം കൂടാന്‍ വരുന്നവരൊക്കെ നായകന്റെ/നായികയുടെ കൂടെ സംഘ നൃത്തം ചെയ്യാൻ വിധിക്കപ്പെട്ടവരാണ്.
- ഡാൻസിനു പൊതുവേയുള്ള പശ്ചാത്തലങ്ങൾ കാളവണ്ടി ചക്രങ്ങൾ, കുടിലുകൾ, റാന്തൽ വിളക്കുകൾ, മണ്ണ്കൊണ്ട് കെട്ടിയ ചുവരുകൾ, ഇതിലെല്ലാം റബർ മരത്തിനു തേക്കുമ്പോലെ നൂറ്/ചുണ്ണാമ്പ് തേച്ചിട്ടുണ്ടാവും. ( ഇത് മറ്റൊരു ഡോക്കുമെന്റിനു തന്നെ സ്കോപ്പുള്ളതാണ്)
- മാനത്ത് നിന്ന് പൊട്ടി വീഴുന്ന ഒരു പീസ് അല്ലെങ്കിൽ മാദക നടി.സന്തോഷം വരുമ്പോള്‍ അവളുടെ കൂടെ ഒരു ഡാൻസ്. ഡാൻസില്ലാത്ത പാട്ട് രംഗമാണെങ്കിൽ സെലിബ്രറ്റി ഗായകരെ അവരായിത്തന്നെ അവതരിപ്പിക്കാവുന്നതാണ്.
- ക്ലാസ്സിക്കൽ നൃത്തം അറിയാവുന്ന നായികയാണെങ്കിൽ നായകൻ ശാസ്ത്രീയ സംഗീതമറിഞ്ഞവനാവണം. പത്തിരുപത് വർഷമായി നൃത്തം അഭ്യസിക്കുന്ന നായികക്ക് ക്ലാസ്സിക്കൽ നൃത്തത്തിലെ പുതിയൊരു മുദ്ര പഠിപ്പിച്ച് കൊടുക്കാൻ തക്കവണം അറിവുള്ളവനാണെങ്കിൽ ബഹുകേമം.
- നായിക-നായക ഡ്യുയറ്റിലെ ബി ജി എമ്മിൽ നായകനെ കാണാതെ ഒളിക്കുന്ന നായിക തെല്ലുസമയം കഴിഞ്ഞ് നായകനെ തിരയും പക്ഷേ, നായകൻ നായികയറിയാതെ അവളുടെ പുറകിലൂടെ വരും,നായിക നായകനുമായി കൂട്ടിയിടിച്ച് അത്ഭുതപ്പെടും. മിക്ക നായികമാർക്കും ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്.
- കുട്ടിയുടെ/കുട്ടികളുടെ അച്ഛനമ്മമാരായ നായകനും നായികക്കും പാട്ട് സീനിൽ (അല്ലാതേയും) ഒരിക്കലും ചുംബിക്കാൻ കഴിയില്ല. ചുണ്ടുകൾ അടുത്തുവരുമ്പോഴേക്കും അവർക്കിടയിലേക്ക് കുട്ടികൾ കടന്നു വരും.
- ഒരു അച്ഛൻ കാരണവർ..കുറേ ആണ്മക്കൾ..വലിയ കുടുംബം.ഒരേയൊരു പെങ്ങൾ സവർണ്ണനായ ഒരുവന്റെ കൂടെ ബോംബെക്കോ മദ്രാസിനോ ഒളിച്ചോടും. അവരിലുണ്ടാവുന്ന പുത്രൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മാവന്മാരുമായി പ്രശ്നങ്ങൾ, അപ്പൂപ്പനോ അമ്മൂമ്മയോ ആണ് പിന്നീടവന് ആകെയുള്ള സപ്പോർട്ട്.
- നായികയുടെ അച്ഛനും അമ്മയും മിക്കവാറും മരിക്കുന്നത് ഒരു പ്ലെയിൻ ക്രാഷിൽ ആയിരിക്കും. ഇതിനുമ്മാത്രം പ്ലെയിനുകൾ ഇന്ത്യയിലുണ്ടോ എന്ന് സംശയമുണ്ട്.
- നായകന് അച്ഛനോ അമ്മയോ എന്ന് വച്ചാൽ പൊതുവേ ഭയങ്കരമായ സ്നേഹമാണ്.എങ്കിലും അതിഭയങ്കരമായ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ അച്ഛനോ അമ്മയോ മരിച്ചിരിക്കും,അല്ലെങ്കിൽ വില്ലന്മാർ കൊന്നിരിക്കും.
- വിപ്ലവം കളിച്ചോ/ഒളിവിൽ കഴിയുമ്പഴോ ഉണ്ടാവുന്ന അവിഹിത ബന്ധം. എല്ലാമറിഞ്ഞിട്ടും ഉള്ളിലൊതുക്കി മാതൃകഭാര്യയായി ഒരമ്മ.
- “നിന്നെ എനിക്ക് കാണണ്ട” എന്നതാണ് നായകനെ തെറ്റിദ്ധരിക്കുമ്പോൾ അമ്മ പറയേണ്ടുന്ന ഡയലോഗ്.ഇദ്ദോട് കൂടി നായകന്റെ അവസാന പിന്തുണയും നഷ്ടപ്പെട്ട് നായകൻ തകരുകയാണമ്മേ..തകരുകയാണ്..!
- എഞ്ചിനീയർ,സിവിൽ സർവീസ്,ഐപീയെസ്സ്,മന്ത്രി/എം എൽ എ സഹോദരന്മാർ ഉള്ള,പ്രൗഡിയുള്ള തറവാട്ടിൽ പാടത്ത് വിത്ത് വിതക്കാനും കൊയ്യാനും ഉഴുതാനും ഈ കംബ്ലീറ്റ് ഫാമിലി നല്ല കസവുമുണ്ടൊക്കെ ഉടുത്ത് വരും.അവിടെയും ഉണ്ട് മേല്പ്പുറഞ്ഞ സിവിൽ സർവ്വീസ്,ഐപീയെസ്സ് കാരൻ വരെ. തറവാട്ടിലെ വിളവെടുപ്പും കൃഷിയുടെ തുടക്കവും ഇവർ ഒന്നിച്ചേ നടത്തുകയുള്ളു.
- അച്ചന്റെ/അമ്മയുടെ സപ്തതിക്ക് ഒരു ഡാൻസും പാട്ടും. എല്ലാരും കൈകോർത്ത് തന്നെ വേണം. നല്ല വീട്,ഭയങ്കര സ്നേഹം എന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇത്തരം രംഗത്തിന് അഭികാമ്യം.
- നല്ല തറവാട്ടുകാരുടെ ജന്മാവകാശമാണ് ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം പള്ളിപ്പെരുന്നാൾ എന്നിവ ഏറ്റെടുത്ത് നടത്തൽ. പലപ്പോഴും വില്ലൻ ഫാമിലി ഇതിന് പ്രശ്നങ്ങളുണ്ടാക്കുകയാണ്.
- മാഷമ്മാരായ അച്ഛന്മാരെല്ലാം വളരെയധികം ഡീസന്റുകൾ, പക്ഷേ ഇവരുടെ വാക്ക് പാലിക്കാൻ വേണ്ടി മാത്രം നിരവധി നായികമാർ വേറെ കല്യാണം കഴിച്ച് പോയിട്ടുണ്ട്.അല്ലെങ്കിൽ ഈ മാഷന്മാരായ പിതാക്കന്മാർ വാക്കിനു വിലയ്യില്ലാത്തവനായി ആത്മഹത്യ ചെയ്ത് കളയുമെന്ന് ഭീഷണിപ്പെടുത്തും.
- നായികയുടെയോ നായകന്റെയോ അച്ഛൻ അഭിമാനിയോ/ദുരഭിമാനിയോ കേസ് നടത്തി തോറ്റ് ആത്മഹത്യ ചെയ്യുന്നവനുമാണ്.
- പഴയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കേശുപിള്ളയുടെ കൊച്ചുമകനായിരിക്കും മിക്കവാറും നായകൻ,അച്ഛൻ ആയപ്പോഴേക്കും കമ്യൂണിസ്റ്റ്/വിപ്ലവ സഖാവായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ്കാരോട് അൽപ്പം വേദന കലർന്ന സഹതാപമാണ്.പാർട്ടി വഴി വിട്ട് പോയി എന്നതായിരിക്കും അതിനുള്ള കാരണം. ഇതൊക്കെയാണെങ്കിലും പാർട്ടി സെക്രട്ടറിയോട് ഏടാ പോടാ ബന്ധമാണിങ്ങോർക്ക്.
- ക്ഷയിച്ച് പോയ തറവാടുകളോ ഇല്ലങ്ങളോ കാണിക്കുമ്പോൾ നിർബന്ധമായും ഒരു ശാപ്പാട് രാമനേയോ മാനസിക വൈകല്യം ബാധിച്ച ഒരു നമ്പൂതിരിയേയോ കാണിക്കാവുന്നതാണ്.ഏകദേശം ഒരേ പ്രായമുള്ള മൂന്നോളം മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടെങ്കിൽ കലക്കി.
- എത്ര വിശന്നു വലഞ്ഞു ചാവാറായിവരുന്നവനായാലും സ്നേഹമയിയായ അമ്മ പറയും,നീ കുളിച്ചു വാ,എന്നിട്ട് വന്നു വല്ലതും കഴിക്ക്...കുളിച്ചാൽ മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു.
- നായകന്റെ അച്ഛൻ ഏതെങ്കിലും സർക്കാർ സർവ്വീസിൽ ആയിരുന്നെങ്കിൽ മാതൃകാ അധ്യാപകൻ,മാതൃകാ പോലീസുകാരൻ എന്നീത്തരത്തിൽ അവാർഡുകൾ നേടി മികച്ച രീതിയിൽ പെൻഷൻ പറ്റിയവരായിരിക്കും. അഴിമതിക്കാരായ അച്ഛന്മാർ വില്ലന്മാർക്കുള്ളതാണ്.
- തിർവാതിര തറവാട്ടിൽ മസ്റ്റാണ്.കഥകളിയുമുണ്ടെങ്കിൽ ബഹുകേമം. ആനയൊന്നോ രണ്ടോ തറവാട്ടിന്റെ സൈഡിൽ വേണമെന്ന് പറയേണ്ടതില്ലല്ലോ.
- പ്രമാണികളാണെങ്കിൽ പുതുതായി ചാർജ്ജെടുക്കാന്‍ വന്ന സർക്കിൾ ഇൻസ്പെക്ടർ ഇവരുടെ തറവാട്ടിൽ വന്ന് തലകാണിച്ച് വരവറിയിക്കേണ്ടതാകുന്നു.ഇല്ലെങ്കിൽ.ഒരു ഡയലോഗ് "ഇതിനു മുമ്പിവിടെ വന്ന എല്ലാ ആപ്പീസറന്മാരും പാലക്കുന്നേലോ മംഗലത്തോ എത്തുകയാണ് പതിവ്"
- അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്നില്ല.ഫോട്ടോ ആയാലും മതി.പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.പ്രിഥ്വിരാജാണ് നായകനെങ്കിൽ സുകുമാരന്റെ ഫോട്ടോ തന്നെ വേണ്ടി വരും.
- നായികയെ നായകനിൽ നിന്നും അകറ്റാനായി വിമാനത്തിൽ എങ്ങോട്ടെങ്കിലും പറഞ്ഞു വിടലാണ് സാധാരണയായി കണ്ട് വരുന്നത്. ബംഗളൂർ,മദ്രാസ് തുടങ്ങി ഡെറാഡൂൺ വരെയായിരുന്നു പണ്ടെങ്കിലും അമേരിക്ക വരെ ചെന്ന് നിൽക്കുകയാണ്.പക്ഷേ നായകൻ വിചാരിച്ചാൽ ഇവിടെയെല്ലാം ഒറ്റയടിക്ക് ചെന്ന് നായികയെ ഇറക്കിക്കൊണ്ട് വരാവുന്നതാണ്.
- നായികയുടെ അച്ഛന്റെ/ അമ്മയുടെ അപേക്ഷ പ്രകാരം നായകൻ മോശക്കാരനുക്ക് മോശക്കാരനായി അഭിനയിക്കുകയാണ്.മിക്കപ്പോഴും നായികയുടെ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുക,അല്ലെങ്കിൽ കൂട്ടുകാരിയെ ആണ് പ്രണയിച്ചതെന്ന് പറയുക
- സൗഹൃദം നഷ്ടമാകുമെന്ന് കരുതി ജീവൻ പോയാലും പ്രണയം തുറന്ന് പറയാതിരിക്കുക, ഒടുക്കം അവളെ കെട്ടാൻ പോകുന്നവൻ യഥാർത്ഥ്യം മനസിലാക്കി നായകനു തന്നെ കെട്ടിച്ച് കൊടുക്കാൻ തയ്യാറാവുക ഒക്കെ സ്വാഭാവികം.
- നായകനും നായികയും ശത്രുക്കളായി തുടങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും ബസ്സിലോ ബസ്സ്റ്റോപ്പിലോ വച്ച് ഒരു ഉടക്ക് ഉറപ്പാണ്.സിനിമയുടെ മുക്കാൽ ഭാഗത്തും ബദ്ധശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ ഒരു ദുർബല നിമിഷത്തിൽ പരസ്പര നന്മ മനസിലാക്കി ഒന്നു ചേരുകയാണ് പതിവ്.
- നായകൻ നായികയേയും നായകന്റെ കൂട്ടുകാരൻ നായികയുടെ അല്പം സൌന്ദര്യം കുറഞ്ഞ കൂട്ടുകാരിയേയും ശിങ്കിടികൾ വേലക്കാരികളെയോ മാത്രം പ്രേമിക്കുന്നു.
- വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മിൽ പ്രേമമാണെങ്കിൽ അതിനു സമ്മതം മൂളുന്ന നായകന് ഭാവിയിൽ സഹോദരിയുടെ മരണവാർത്ത അറിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
- വില്ലന്റെ ക്രൂരത ഏൽക്കേണ്ടിവരുന്ന സഹായികളാണ് മരിക്കുന്നതിന്റെ സെക്കന്റുകൾക്ക് മുൻപേ നായകനോ നായകനോട് ബന്ധപ്പെട്ടവരോടോ ചില സത്യങ്ങൾ പറയേണ്ടത്.
- നായകനെ വഞ്ചിച്ച് ശത്രുപാളയത്തിലെത്തിയ അനിയന്‍, മനസ്സ് മാറി കുടുംബാംഗങ്ങളോടൊപ്പം തിരികെ വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരെയും കാണുമ്പോഴും നായകന്റെ വക സമാധാനിപ്പിക്കലുണ്ടാവണ്ടേതാണ്.
- എല്ലാമറിയുന്ന ശിങ്കിടി/കാര്യസ്ഥൻ/കുഞ്ഞമ്മാവൻ/അമ്മാവൻ രാമൻനായർ. ക്ലൈമാക്സിനു തൊട്ട് മുമ്പ് ഇനിയെന്നേക്കൊണ്ടിത് കാണാൻ വയ്യ എന്ന ഡയലോഗോടെ രഹസ്യം പുറത്ത് വിടുകയാണ്.
- വീട്ടിൽ കൊണ്ട് വിടുന്ന മൂത്ത പെങ്ങളും കുട്ടികളും,ഒരു ജോലിയും ചെയ്യാത്ത ക്ണാപ്പനായ അളിയനും.
- മിക്ക നന്മയുള്ള സ്ത്രീ കഥാപാത്രങ്ങളും എന്നും നായകന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വർണ്ണാഭരണങ്ങൾ നൽകി സഹായിക്കുന്നവരാണ്.
- പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഒന്നിൽക്കൂടുതൽ അനിയന്മാരുണ്ടെങ്കിൽ അവരായിരിക്കും മൂത്ത ജേഷ്ഠന്റെ നന്മകൾ അനൗൺസ് ചെയ്ത് ഇളയ അനിയന്മാരെയും അളിയന്മാരെയും പെങ്ങന്മാരെയും ശാസിക്കുക. നായകൻ കമാന്നൊരക്ഷരം പറയുകയില്ല.ഇത്തരത്തിലുള്ള അനിയനോ കൂട്ടുകാരെനെയോ ആണ് നായകന് പകരമായി ഭാവിയിൽ വില്ലൻ കൊലപ്പെടുത്തുന്നത്.
- തൊട്ടു പിന്നില്‍ മറഞ്ഞ് നിൽക്കുന്ന ആളെ കാണാതെ കോമഡി കഥാപാത്രം വട്ടം കറങ്ങുകയാണ്.
- ക്ലൈമാക്സിലെ അടിപിടിയിൽ കോമഡി കഥാപാത്രങ്ങളുടെ തമ്മിൽത്തല്ല്, ചാണകക്കുഴിയിൽ വീഴുക, തിളച്ച വെള്ളം,തേങ്ങ ഏറിയുന്നത് ഒക്കെ ഈ രംഗങ്ങളിൽ ചിത്രീകരിക്കാം.ചില ഗുണ്ടകളെ പാമ്പ് കൊത്തുന്ന രീതിയിൽ ഹിപ്നോട്ടൈസ് ചെയ്തു നിർത്തുന്ന കോമഡിക്കാർ, ചില തടിയന്മാരായ ഗുണ്ടകളെ കരാട്ടെ ആക്ഷൻ കാണിച്ച് പേടിപ്പിക്കാൻ സാധിക്കും.
- പണ്ടത്തെ കോമഡി താരങ്ങൾ സംഘട്ടന രംഗങ്ങളിൽ നിന്ന നില്പിൽ അപ്രത്യക്ഷനാവുന്നത് കാണാം.
- കൊട്ടാരം,പഴയ തറവാട് കഥകളാണെങ്കിൽ ഭരണിയിൽ ഒളിക്കുന്ന കോമഡി താരങ്ങൾ.
- കോമഡി താരങ്ങൾക്ക് എത്ര ഗുരുതരമായ പരിക്കാണെങ്കിലും കണ്ണൊഴിച്ച് ബാക്കി കംബ്ലീറ്റ് ഭാഗങ്ങളിലും പ്ലാസ്റ്റർ ഒട്ടിച്ച് നടത്തിക്കുമെന്നല്ലാതെ ശരീരത്തന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
- ഷോക്കടിച്ച കൊമേഡിയന്മാരുടെ മുടി കുന്തം പോലെ നില്ക്കും. ബോബ് സ്ഫോടനമോ പടക്കമോ പൊട്ടുന്നവരെ അൽപ്പം പുക പശ്ചാത്തലത്തിൽ കാണിച്ച് കംബ്ലീറ്റ് കറുത്ത പെയിന്റടിച്ച് അനക്കമില്ലാതെ നിർത്തുമെങ്കിലും ഇവർക്ക് ഒരിഞ്ച് പൊള്ളലേൽക്കുന്നതോ മറ്റ് ഗുരുതരപ്രശ്നങ്ങളോ തുടർന്നുള്ള സീനുകളിൽ കാണാറില്ല.
- നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ എപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
- മെന്റൽ ഹോസ്പിറ്റലില്‍ എപ്പോഴും ഫുള്ള് കോമഡിയായിരിക്കും. പാക്കിസ്ഥാൻ/ഇന്ത്യൻ/അമേരിക്കൻ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരു ഭ്രാന്തനുണ്ടാവും. വളരെ എഡ്യൂക്കേറ്റഡ് ആയി ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മറ്റൊരു ഭ്രാന്തൻ,പാട്ട് പാടുന്ന മറ്റൊരു ഭ്രാന്തൻ.മറ്റൊരു ഭ്രാന്തന് ഉണ്ണിക്കുട്ടന്റെ പിടിവാശിയാണ്.ഈ കോമഡി മെന്റൽ ഹോസ്പിറ്റലുകളിൽ വയലന്റാവുന്ന ഭ്രാന്തന്മാർ കുറവാണ്.
- പോളി സയ്തീമിയ ഒബ്രാവീര എന്ന പേരിലുള്ള അസുഖമാണ് പലപ്പോഴും നായികമാർക്ക്. അമേരിക്കയിൽ മാത്രം മരുന്നുള്ള അല്ലെങ്കിൽ ലക്ഷത്തിലൊരാൾക്ക് മാത്രം അപൂർവ്വമായി വരുന്ന തരത്തിലുള്ള അസുഖങ്ങൾ. സാധാരണ അസുഖങ്ങളൊന്നും മലയാള സിനിമയിലെ നായികാ നായകന്മാർക്ക് ഏശുകയില്ല.
- ഐസിയുവിൽ കിടക്കുന്ന രോഗി മരിച്ചാൽ ഇസിജി മെഷീനിൽ ഗ്രാഫ് ഉയർത്തിയും താഴ്ത്തിയും രേഖപ്പെടുത്താം.
- നായകൻ ക്രിമിനലാണെന്ന് അറിയാമെങ്കിലും ഡോക്ടറന്മാർ മിക്കപ്പോഴും സഹായികളാവുന്നു.
- നായകൻ രോഗാവസ്ഥയിലാണെങ്കിൽ എത്ര കനത്ത സുരക്ഷയും ഭേദിച്ച് ആശുപത്രിയിൽ വില്ലനെത്തിയിരിക്കും.ഒരു നഴ്സിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് പതിവ്.
- ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് പരാമർശിച്ച് മാത്രമേ വക്കീലോ,പോലീസുകാരനോ,ഐയെയസ്സ് കാരനോ ആയ നായകൻ കേസിനേപ്പറ്റി പറയുകയുള്ളു.
- മേലുദ്യോഗസ്ഥനു കൊടുക്കേണ്ട അടി മിക്കപ്പോഴും കൊള്ളേണ്ടത് അയാളുടെ ശിങ്കിടിയായ സാധാ പോലീസുകാരനാവണം.
- നായകന്റെ ജയിൽ സെല്ലിനടുത്ത് അനുകമ്പയോടെ നിൽക്കുന്നയാളാണ് നല്ല പോലീസുകാരൻ. ചീത്ത പോലീസുകാരൻ ആണെങ്കിൽ യൂണി ഫോമിന്റെ മുകളിലെ ബട്ടന്‍ തുറന്നിട്ടിരിക്കും.
- ജയിലിലെ പ്രധാന പണി പാറ പൊട്ടിക്കലാണ്.
- ജയിലില്‍ ഫുഡ് ഭക്ഷണം കഴിക്കുന്നതോ കുളിക്കുന്നതോ ആയ സ്ഥലത്താണ് പ്രധാനമായും തല്ല് നടക്കേണ്ടത്. പൊരിഞ്ഞ ഇടി കഴിഞ്ഞ് നായകനോ വില്ലനോ വല്ല കടും കയ്യും ചെയ്ത് കഴിഞ്ഞേ വാർഡന്മാരോ ഗാർഡുകളോ എത്തുകയുള്ളു.
- ജയിലിലെ ഒരു സ്ഥിരം കുറ്റി വില്ലനോ വില്ലത്തിയോ ഉണ്ടാവും.ഇവരാണ് ജയിലിലെ ഗഞ്ചാവ് ഏജന്റ്മാർ.സ്വവർഗ്ഗരതിയുള്ള ഒന്നോ രണ്ടോ ജയിൽപ്പുള്ളികൾ എന്നിവരൊക്കെയുണ്ടെങ്കിൽ നന്ന്.
- പോലീസ് വാഹനം വരികയാണെങ്കിൽ സൈറൻ വേണം.അതിപ്പോ വളരെ രഹസ്യമായിട്ട് കള്ളനെ പിടിക്കാന്‍ പോവുന്ന സീനാണെങ്കിലും,വളരെ നിസ്സാരമായ ഒരു പട്രോളിംഗ് സീന്‍ ആയാലും സൈറൻ മിക്കപ്പോഴും ഉണ്ടാവും.
- മന്ത്രീടെ മോനും മന്ത്രിക്കും നായകനും ഒക്കെ ഒരു പോലീസുകാരനെ തല്ലാനുള്ള ധൈര്യം ഉള്ളവരാണ്. പോലീസുകാരനോട് സംഘട്ടനം നടത്തണമെങ്കിൽ യൂണിഫോമിനെ മാനിക്കുന്ന നായകൻ യൂണിഫോമിന്റെ ഒന്നോ രണ്ടോ ബട്ടൺ മാത്രം ഊരിപ്പിച്ച് അടി നടത്തുന്നതാണ്.
- ഇടിയും മറു ഇടിയും ഡയലോഗടിയും വേണെങ്കിൽ ഒരു ഷോഡകുടിയും ഒക്കെ കഴിഞ്ഞിട്ടേ മിക്കപ്പോഴും കേരളാ പോലീസ് രംഗപ്രവേശം ചെയ്യുകയുള്ളു.അതിപ്പോ അടി വീട്ടുമുറ്റത്തായാലും,അങ്ങാടീലായാലും അല്ല പോലീസ് സ്റ്റേഷനിലായാലും !
- കൂട്ടയടിക്കവസാനം പോലീസ് വന്ന് വില്ലന്മാരെ മാത്രം തെരഞ്ഞുപിടിച്ച് ജീപ്പീക്കേറ്റിക്കേണ്ടു പോവും.ഈ ടെക്നോളജി കേരളത്തിലെ പോലീസുകാർ മാത്രം വികസിപ്പിച്ചെടുത്തതാണെന്ന് തോന്നുന്നു.
- സകല നായികമാർക്കും ഒരേ ശബ്ദമാണ്..!
- ഒരു മാതിരിപ്പെട്ട അമ്മാവന്‍/വഴിപോക്കന്‍/ചെറിയ റോൾ ടീമുകൾക്കൊക്കെ ഒരേ ശബ്ദമാണ്.
- അന്യഭാഷാ വില്ലന്മാർക്കെല്ലാം ഒരേ ശബ്ദം.തിലകൻ ഫാമിലിയില്ലാരുന്നെങ്കിൽ ഇവർ വലിയ കഷ്ടത്തിലായിപ്പോയേനേം.
- ഓഫീസ് റൂമാണെങ്കിൽ വിൻഡോയിൽ ന്യൂയോർക്കിന്റേയോ മറ്റേതെങ്കിലും വമ്പൻ സിറ്റികളുടേയോ ഒരു പനോരമിക്ക് സ്റ്റിക്കർ ഒട്ടിച്ചിരിക്കും (ഗൾഫിലാണെന്ന് കാണിക്കാൻ). ദുബായി ആണെങ്കിൽ ബുർജ് അൽ അറബിന്റെ സ്റ്റിക്കർ വേണ്ടിവരും.
- മരപ്പണികൾ ചെയ്ത ക്യാമ്പിനാണ് എംഡിക്കുള്ളത്.പെട്ടിയുമായി കടന്നു വരുന്ന എംഡിയെ നോക്കി ഗുഡ്മോർണിംഗ് എന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കുന്നവരാണ് ഭൂരിഭാഗം ഓഫീസ് അംഗങ്ങളും. അല്ലാത്തയാളെ എംഡി പ്രത്യേകം നോട്ട് ചെയ്യുന്നു.
- എല്ലാവരും ടൈയ് കെട്ടി മാത്രമേ അപ്പീസിൽ പോവുകയുള്ളു. ഓഫീസിൽ പോകുന്ന ഓഫീസറന്മാരുടെ കയ്യിൽ ഒരു പെട്ടി മസ്റ്റാണ്.അതിലെന്താണാവോ ഉള്ളത് ?
- ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർ മിക്കവരും ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്നവരാണ്. സ്ട്രെസ്സുള്ളതിനാൽ സ്ഥിരമായി പബ്ബിലും ഡാൻസ് ക്ലബ്ബിലും പോകുന്നവരും.
- പോലീസ് സ്റ്റേഷന്റെ ഉൾവശം നല്ല ചുവന്ന ഇഷ്ടിക വാർണീവഷടിച്ച് വച്ചിരിക്കും.ഒരു ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടാകും. കമ്മീഷണറുടെ ഓഫീസാണെങ്കില്‍ പോലീസ് എന്ന വാക്കിന്റെ ഫുള്‍ഫോം എഴുതി വച്ചിട്ടുണ്ടാകും.ചോദ്യം ചെയ്യുന്ന മുറിയില്‍ ഒരു ബൾബ് സദാ ആടും.
- മന്ത്രവാദികളുടെ പൂജാമുറി, മന്ത്രവാദം/ഹോമം ചെയ്യുന്ന മുറി എന്നിവ ചുവന്ന തുണികൊണ്ട് നിർബന്ധമായും അലങ്കരിച്ചിരിക്കണം. ഒന്നിലധികം (എത്രവേണമെങ്കിലുമാകാം) നിലവിളക്കുകൾ കത്തിച്ചിരിക്കണം. നിലവിളക്കുകൾ തറയിലോ സ്റ്റൂളിലോ വെറുതെ വെക്കാതെ ചുവന്ന തുണികൊണ്ട് അലങ്കരിച്ചു തന്നെ വെക്കണം. ചുമരിനോട് ചേർന്ന് ചുവന്ന തുണി കെട്ടിയിരിക്കണം. മഞ്ഞ/ചുവപ്പ് കലർന്ന അരണ്ട വെളിച്ചമായിരിക്കണം ഈ മുറിയിൽ എപ്പോഴും. നമ്പൂതിരി സ്ത്രീകൾ മാറിനു മുകളിൽ ഉടുക്കുന്നത് പോലെ ഒരു പുരുഷ സഹായി മുണ്ട് നെഞ്ചത്തുടുത്ത് നിൽക്കേണ്ടതുണ്ട്..സ്വാഭാവികമായും ജഗതി ശ്രീകുമാറാണത്.
- സഹ നടന്മാരോ കോമഡി നടന്മാരോ ആണ് മന്ത്രവാദി/പൂജാരിയെങ്കിൽ “ഓം...ശ്രീ..” എന്നു മാത്രം ഉറക്കെ പറഞ്ഞ് ബാക്കി മന്ത്രങ്ങൾക്ക് ചുണ്ടനക്കിയാൽ മാത്രം മതി. അൽപ്പം കാര്യഗൗരവമുള്ള മന്ത്രവാദിയാണെങ്കിൽ ശാസ്ത്രവുമായി യക്ഷിയേയോ മറുതായേയോ ബന്ധപ്പെടുത്താവുന്നതാണ്.
- മൊബൈൽ ഫോണായാലും പലപ്പോഴും ആരും നമ്പർ സേവ് ചെയ്യാറില്ല,പകരം നേരിട്ട് ഡയൽ ചെയ്യുകയാണ് പതിവ്. ഡയൽ ചെയ്ത് റിംഗ് പോവുന്നതിനു മുമ്പേ തന്നെ ചെവിയിൽ വച്ച് സംസാരവും ആരംഭിക്കും.
- ടെലിഫോൺ എക്സ്ചേഞ്ചിലെ അലക്സാണ് പ്രധാനമായും വില്ലന്മാരുടെ സുപ്രധാന വിവരങ്ങൾ നായകന് എത്തിച്ച് കൊടുക്കുന്നത്.
- രാജേട്ടൻ എപ്പോൾ ബിസിനസ് യാത്ര ചെയ്താലും പണ്ടത്തെ തിരുവനന്തപുരം എയർപോർട്ടിൽ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം പൊങ്ങുന്നതോ താഴുന്നതോ ആയി കാണിക്കാവുന്നതാണ്.
- പണ്ടത്തെ മമ്മൂട്ടി സിനിമകളിൽ മഴയോ –കാറോ - ബേബി ശാലിനിയോ ഉണ്ടെങ്കിൽ ഉറപ്പാണ് ഫ്ലാഷ് ബാക്കിലെങ്ങോ പെയ്തൊരു മഴയത്ത് മമ്മൂട്ടിക്ക് ഒരു ദുർബലനിമിഷം ഉണ്ടായിട്ടുണ്ട്. സാധാരണയായി സുഹാസിനി,സുമലതക്കോ എന്നിവർക്കാണതിൽ ഡാമേജ് പറ്റിയിരിക്കുന്നതെന്ന് അനുമാനിക്കാം.
- പണ്ട് കാലത്തെ സിനിമകളിൽ സഹോദരങ്ങൾ ക്ലൈമാക്സുമായി ബന്ധിപ്പിക്കാനുള്ള സ്ഥിരം ആശയങ്ങളിലൊന്നാണ് മറുക്,ലോക്കറ്റ്, കുഞ്ഞുന്നാളിൽ ഒരുമിച്ച് വെട്ടു കൊണ്ടതോ കരപ്പൻ ബാധിച്ചതോ ആയ പാട്. ഇടിവെട്ടി മഴപെയ്ത രാത്രിയിൽ ചോരക്കുഞ്ഞുങ്ങൾ രണ്ടും,നാലും ആറ് വഴിക്ക്. ഭ്രാന്തിയാകുന്ന അമ്മ ക്ലൈമാക്സിൽ ഇതെല്ലാം ഓർത്തെടുക്കും.ഇത് ഹിന്ദിസിനിമയിലും ഏറെ പ്രയോഗിച്ചു കണ്ടിട്ടുണ്ട്.
- ഇടവകയിലെ പ്രമാണി സ്ഥിരമായി ഇട്ടിച്ചൻ/മാമച്ചൻ/കറിയാച്ചൻ തുടങ്ങിയ ച്ചന്മാരാണ് :)
- നായകന്റെ അപ്പനേയോ അമ്മയേയോ പള്ളി സെമിത്തേരിയിൽ അടക്കത്തില്ലെന്ന് ഇട്ടിച്ചൻ & പാർട്ടി.അവസാനം തെമ്മാടിക്കുഴി ലക്ഷ്യമാക്കുന്ന നായകന് പ്രതികാരം മിക്കവാറും ഇട്ടിച്ചന്റെ മകനോ മകൾക്കോ ഉള്ള അപകടമരണവും പോസ്റ്റ്മാർട്ടവുമാണ്.
- പള്ളിയിലെ ഗായകസംഘത്തിന്റെ കൂടെ നായകൻ ഫുൾക്കൈ ഷർട്ടും മുണ്ടുമായി നിക്കുമെങ്കിലും ഫുൾ പാട്ട് നായകൻ മാത്രമേ പാടുകയുള്ളു. ബാക്കി കൂടെ നിൽക്കുന്നവർക്ക് ആ..ആ..ആ..എന്ന് മാത്രം പാടാനേ അവസരമുള്ളു.
- ആരെയെങ്കിലും അപ്രത്യക്ഷമാക്കാനുള്ള സ്ഥലങ്ങളാണ് കാഞ്ചി,രാമേശ്വരം,കേദാർ. കാലങ്ങൾക്ക് ശേഷം പൊട്ടിപ്പുറപ്പെടുന്ന കഥാപാത്രവും ഈ സ്ഥലങ്ങളിലെ യാത്ര കഴിഞ്ഞ് വരുന്നവരാണ്.
- മുസ്ലീപള്ളി,അമ്പലം,പാളയം പള്ളി എന്നിവ ഒരു കാലത്തെ സകല സിനിമയുടേയും ടൈറ്റിൽ സീനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
- പെണ്ണ് ഓർക്കാനിച്ചാല്‍ ഭർത്താവിന് ഒന്നും മനസ്സിലാവില്ല.അമ്മായിയമ്മയോ മറ്റു സ്ത്രീകളോ നാണത്തോടെ കളിയാക്കുന്നത് വരെ. അറിഞ്ഞ് കഴിഞ്ഞാൽപ്പിന്നെ ഒരു രക്ഷയുമില്ലാത്ത ആഘോഷങ്ങളാണ് നായകൻ പദ്ധതിയിടുന്നത്. പണ്ടത്തെ സിനിമകളിൽ ഈ വാർത്തയറിഞ്ഞ് മാങ്ങയോ ഓറഞ്ചോ കുട്ടിയുടുപ്പുകളോ ഒക്കെ വാങ്ങി ബൈക്കിൽ അതിവേഗം നായകനെയാണ് കാണിക്കുന്നതെങ്കിൽ പിന്നീടുള്ള ദൃശ്യം ദുരന്തമായിരിക്കുമെന്ന് സൂചിപ്പിക്കേണ്ടതില്ലല്ലോ.
- ചില നായകന്മാർ നായികയുടെ വയറിൽ തലവെച്ച് കൊച്ചിനോട് സ്ഥിരമായി കിന്നാരം പറയുന്നവരാണ്. താൻ ഗർഭിണി ആണെന്ന് പലപ്പോഴും നായികയും അറിയുന്നത് ശർദ്ദിക്കുമ്പോൾ മാത്രം.
- ഗൈനക്കോളജിസ്റ്റ് പേഷ്യന്റിന്റെ നാടിമിടിപ്പ് നോക്കിയിട്ട് കൺഗ്രാജുലേഷൻസ് പറയുന്നു.
- ലേഡിഡോക്ടർ ഗ്ലൗസ് ഊരിക്കൊണ്ട് വാഷ്ബേസിനിലെ ടൗവ്വലിൽ കൈതുടച്ച് കൊണ്ട് ഗർഭമുണ്ടെന്ന് പറയുന്നു.
- പണക്കാരി പെണ്ണ് വിവാഹത്തിനുമുന്നേ ഗർഭം ധരിച്ചാൽ ഉടനെ ഊട്ടിയിലോ ബംഗളൂരോ ഉള്ള ആന്റിയുടെ വീട്ടിൽ പ്രസവിയ്ക്കുന്നു.കുഞ്ഞ് പ്രസവത്തോടെ മരിച്ചെന്ന് കള്ളം പറയുന്നു.വീണ്ടും എല്ലാമറിയുന്ന അങ്കിൾ/ആന്റി. ഷാൾ പുതച്ച മധ്യവയസ്ക്കരായ സ്ത്രീ കഥാപാത്രങ്ങൾക്കാണിത്തരം ബാലചാപങ്ങൾ നേരിടാൻ ഭാഗ്യമുണ്ടായവർ.
- ഗർഭിണി സ്റ്റെപ്പിൽ വീണാൽ ഒന്നൊഴിയാതെ സകലപടികളും ഉരുണ്ട് വീഴണം.തെന്നിവീണ് ഗർഭം അലസൽ.കാല്പാദം കാണിയ്ക്കുമ്പോൾ ചോര ഒഴുകുന്നതാണ് ഗർഭമലസുന്നതിന്റെ അടയാളം.സ്റ്റെപ്പില്ലെങ്കിൽ വില്ലന്റെ ചവിട്ടായാലും മതി.
- നട്ടുച്ച വെയിലിൽ മഴ പെയ്യിച്ച് ചിത്രീകരിക്കുന്ന സംഘട്ടന രംഗങ്ങളിൽ നിഴലു കാണുന്നത്.
- പത്ത് മുന്നൂറ് ആളുകൾ നോക്കി നിന്നാലും ഈ സംഘട്ടനം നടത്തുന്നവരെ പിടീച്ച് മാറ്റാൻ ശ്രമിക്കുകയില്ല തന്നെയുമല്ല ചുറ്റും കൂടി നിൽക്കുന്ന കാണികൾ അടിനടത്താനുള്ള ഒരു ഏരിയ കൃത്യമായി ഉണ്ടാക്കിക്കൊടുക്കുന്നതുമാണ്.
- സിനിമയുടെ തുടക്കത്തിലോ ഇന്റർവെല്ലിനു മുമ്പോ നായകന്‍ കൊക്കയില്‍ വീഴുകയാണെങ്കിൽ കൊക്കയുടെ താഴെ ആദിവാസികൾ ഇങ്ങോരെ എടുത്തോണ്ട് പോയി മരുന്നു കെട്ടി തിരിച്ച് വിടാൻ കാത്ത് നിൽപ്പുണ്ടാവും.
- ക്ലൈമാക്സിനടുത്തെങ്ങാനുമാണ് കൊക്കയെങ്കിൽ കൊക്കയിൽ ആക്ച്വലി വീഴുന്നില്ല.പകരം പാറപ്പുറത്തിനു താഴെ ഒരു വള്ളിയിൽ തൂങ്ങി നിന്ന് കൃത്യമായി വില്ലനെ കൊല്ലാൻ വരികയാണ്.
- സംഘട്ടനരംഗങ്ങളിൽ അടുത്തിരിക്കുന്ന ബൈക്കിനും കാറിനും ഒന്നും കീ/താക്കോൽ കാണുകയില്ല. ചുമ്മാതെ കയറി ഓടിച്ച് പോവാൻ പറ്റിയ അത്തരം വാഹനങ്ങളാണ് സ്ഥിരമായി സിനിമയിൽ ഉപയോഗിക്കാറുള്ളത്.
- ക്ലൈമാക്സില്‍ വില്ലനെ അടിച്ചു നിലം പരിശാക്കിയിട്ടിട്ടും കലി തീരാഞ്ഞു കുത്തിക്കൊല്ലാന്‍ ഒരുങ്ങുന്ന നായകന്‍..സംഭവസ്ഥലത്തേക്ക് വിവരമറിഞ്ഞ് ആ നിമിഷം ഓടിയെത്തുന്ന നായിക..രംഗം കണ്ട് നായകന്റെ പേരെടുത്ത് ഉറക്കെ വിളിക്കുന്നു. എക്സൻട്രിക്കായി മാറിക്കൊണ്ടിരുന്ന നായകനു സ്ഥലകാലബോധം വരികയും കത്തി താഴെയിടുകയോ വില്ലൻ കിടക്കുന്നതിന്റെ സൈഡിൽ കുത്തി നിർത്തുകയോ ചെയ്യുന്നു. സൈഡിൽ കുത്തി നിർത്തുന്ന കത്തിയാണ് വില്ലന്റെ അവസാന ആയുധം. പ്രേക്ഷകരും സകലമാന ജനങ്ങളും വില്ലന്റെ കയ്യിൽ കത്തിയുണ്ടെന്നോർത്ത് ശ്വാസമടക്കിപ്പിടിച്ചിരിക്കുമ്പോഴും നായകനത് ശ്രദ്ധിക്കുന്നില്ല. ഈ ഇടവേളയിൽ വില്ലൻ ആ കത്തിയെടുത്ത് കുത്താം,ഒന്നുകിൽ ഇടക്ക് കയറുന്ന നായികക്കോ,അല്ലെങ്കിൽ മറ്റാർക്കുമോ കുത്തേൽക്കുകയും നായകന് ഒരിക്കൽക്കൂടി വില്ലനെ കൊല്ലാനുള്ള അവസരവും കൈവരുന്നു.ഇത്തവണ യാതൊരു മാപ്പോ പീനൽകോഡോ ഒന്നും നായകൻ അനുവദിക്കുന്നില്ല.
- സിനിമയില്‍ ഇടി തുടങ്ങുന്നത് സിറ്റിയില്‍ നടു റോഡിലായിരിക്കുമെങ്കിലും ഒറ്റയിടിക്ക് പിന്നെ രണ്ട് പേരും തെങ്ങിന്‍ തോപ്പിലെത്തും,ഇടി മുറുകുന്നതോടേ കരിങ്കൽ/ചെങ്കൽ ക്വാറികൾ,കടപ്പുറം അല്ലെങ്കിൽ പണി തീരാത്ത കെട്ടിടങ്ങൾ,ഗോഡൗൺ എന്നിവിടങ്ങളിലേക്ക് സൗകര്യാനുസരണം മാറാവുന്നതാണ്.
- വില്ലൻ ചെയ്ത കൊലപാതകത്തിന് ഒരേയൊരു സാക്ഷിയേ കാണുകയുള്ളു. പക്ഷേ ആ സാക്ഷിയെ കൊല്ലാൻ അങ്ങേരെ ടൗണിൽക്കൂടി അമ്പതിനായിരം പേരുടെ മുമ്പിൽക്കൂടെ ഓടിക്കുകയും ചില്ലപ്പോൾ എല്ലാവരും കാൺകെ കൊലപ്പെടുത്തുകയും ചെയ്യും. അപ്പോളുണ്ടാകുന്ന സാക്ഷികളെ വില്ലൻ സാക്ഷികളായി കണക്കിലെടുക്കാറില്ല.ചില ബലാൽസംഗസീനുകളും ഇത്തരമാണ്,പട്ടണത്തിന്റെയോ നാട്ടുകാരുടെയോ മുന്നിലിട്ട് ഓടിച്ചാണ് നായികയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുക.
- അടി നടക്കുന്ന സ്ഥലത്തോ/ഗ്രൗണ്ടിലോ കുഴീലോട്ട് കാലുനീട്ടിയ അമ്മച്ചി,പ്രായമായ അമ്മ എന്നിവരെ കട്ടിലോടെ കൊണ്ട് വരും.അവസാനം വില്ലന്റെ വെട്ട്/വെടിയുണ്ട തടുക്കാൻ,അമ്മ,അച്ഛൻ,അത്രയും നാൾ വിരോധിയായ അവസാനം സത്യമറിയാവുന്ന ചേട്ടൻ/അനിയൻ,മറ്റ് കസിൻസ്,നായികാ-നായക സംഗമത്തിന് വിഘാതമായി നിന്നിരുന്ന,അടിയന്തിരമായി ഒഴിവാക്കേണ്ട സഹനായകന്മാരോ അങ്ങനെ ആരെങ്കിലും മതിയാവും.
- വില്ലന്മാർക്കും സബ് വില്ലന്മാരായ ഒരോ ഇടിക്കാരനും പ്രത്യേകം പ്രത്യേകം ഇടിക്കാനുള്ള അവസരമാണ് നായകൻ കൊടുക്കുക.
- കുറച്ച് നേരം ഇടിച്ച് ബോറഡിച്ച് കഴിയുമ്പോൾ അവസാനത്തെ രണ്ട് ഇടിക്കാരെ ചുമ്മാ കണ്ണുരുട്ടിയോ കൈ കൊണ്ട് ഓങ്ങിയോ പ്യാടിപ്പിച്ചാൽ മതി. പൊയ്ക്കോളും.
- വെടിയുണ്ട കയറിയാൽ കത്തിയും റമ്മും നൂലും വിളക്കും ഉണ്ടെങ്കിൽ കഥാപാത്രങ്ങൾ തന്നെ ഗോഡൗണിലോ ഗുഹയിലോ ഒക്കെ ഇരുന്നു കൊണ്ട് ഉണ്ട പുറത്തെടുത്ത് തുന്നിക്കെട്ടി അഡ്ജസ്റ്റ് ചെയ്ത് കൊള്ളും.
- പച്ചക്കറി മാർക്കറ്റിലെ സകലമാന പച്ചക്കറികൾ, ഉന്തുവണ്ടികൾ,മീൻ മത്സ്യമാർക്കറ്റിലെ മാംസത്തുണ്ടുകൾ ഒക്കെയാണ് സംഘടനത്തിനു പറ്റിയ മറ്റ് പശ്ചാത്തലങ്ങൾ.കാര്യഗൗരവമേറിയ സംഘട്ടനങ്ങളാണെങ്കിൽ പൈപ്പ് പൊട്ടി വെള്ളത്തിലോ കടലിൽത്തിരയിൽ മുക്കിയും താത്തും വലിച്ചു കയറ്റിയുമൊക്കെ ഇടിക്കാവുന്നതാണ്.നായകന്റെ കയ്യിൽ ആയുധങ്ങളുണ്ടെങ്കിലും അത് പ്രയോഗിക്കാതെ നല്ല ഇടി ഇടിക്കണം. ഇടി ഇടിച്ച് മാത്രമേ നമ്മുടെ സിനിമകളിൽ വില്ലന്മാരെ തരിപ്പണമാക്കാൻ സാധിക്കുകയുള്ളു. മെഗാസ്റ്റാർ ആണെങ്കിൽ ഒരിടി കഷ്ടി മതിയാവും,ഒന്നുകിൽ അത് നൂറിടിയായി മാറ്റപ്പെടുകയോ,റിപ്പീറ്റ് ചെയ്ത് കാണിച്ച് എഫ്കറ്റാക്കുകയോ ചെയ്യാം. ഇടി മസ്റ്റാണ്.
- ഒരു പെണ്ണിനെപ്പോലെ ആണെന്ന് കരുതിയ അവനെ അവള്‍ അവസാനം ആണാക്കുന്നു.അവന്റെ ആണത്തം അവളിലൂടെ പുനർജ്ജനിക്കുന്നു.ഈ പെണ്ണിന്റെ സ്വഭാവമുള്ള നിർമ്മലനെ അല്ലാതെ ആ നായികക്ക് മറ്റാരെയും ഇഷ്ടപ്പെടുന്നില്ല.അവന്റെ കുഞ്ഞിനേത്തന്നെ വേണമെന്ന് അവൾ വാശിപിടിക്കുന്നു.
- ആണുങ്ങളേപ്പോലെ ജോലികൾ ചെയ്യുകയും കാട്ടുപോത്തിന്റെ ശൗര്യവും പ്രകടിപ്പിക്കുന്ന നായിക നായകൻ ചുണ്ടത്ത് ഘനമായി പറ്റിക്കുന്ന ഒരു ചുംബനത്തിലോ ആലിംഗനത്തിലോ തന്റെ സ്ത്രീത്വത്തിന്റെ ഭാവങ്ങളിലേക്ക് തിരികെ വരാവുന്നതാണ്.
- ആസക്തിയുള്ള കൊച്ചമ്മമാരുടെ ബെഡ് റൂമിൽ ഒരു കുതിരയുടെ പടം നിർബന്ധമാണ്.ഡ്രൈവർ ,വേലക്കാരൻ ,തോട്ടക്കാരൻ, ബ്ലൗസിന്റെ അളവെടുക്കുന്ന തയ്യൽക്കാരൻ എന്നിവരാണ് ഇവർക്കുള്ള ആശ്രയം. നായകനെയാണ് ആസക്തിയോടെ സമീപിക്കുന്നതെങ്കിൽ നായകൻ അവരെ പറഞ്ഞ് മനസിലാക്കുകയോ പുഛത്തോടെയോ കോപത്തോടെയോ തിരിച്ചയക്കുകയോ ചെയ്യുകയാണ്.
- പട്ടാളക്കാരുടെ ഭാര്യമാർ,ഗൾഫ് ഭാര്യമാർ,നഴ്സ്സുമ്മാരൊക്കെ സ്വല്പം പിശകുള്ളവരാകുന്നതിൽ തെറ്റില്ല..
- ആരെങ്കിലും ഉറക്കത്തിൽ മരണപ്പെടുകയാണെങ്കിൽ കുലുക്കി വിളിച്ച്.അനക്കമില്ല എന്ന് കാണുമ്പോൾ (((((((നോ))))))) എന്ന് പറയേണ്ടതാണ്.
- കഥയിൽ മരിക്കാനാണ് യോഗമെങ്കിൽ ചെറിയ ഒരു ആക്സിഡന്റോ ഒരു കമ്പി കൊണ്ട് തലക്ക് കൊട്ടിയാലോ മതിയാവും.മരിക്കാൻ പ്ലാനില്ല എന്നതാണ് കഥയിലെങ്കിൽ റോഡ് റോളർ തലയിൽക്കൂടി കയറ്റിയാലും മരിക്കുകയില്ലാത്ത നായകൻ.
- നാട്ടിലെ എല്ലാവരും ഓടുകയാണ്..കുറേ കാലുകൾ മാത്രം കാണിക്കുന്നു..അവസാനം എല്ലാവരും ചെന്നെത്തുമ്പോൾ കാണുന്ന കാഴ്ച കുളക്കരയിലോ കടൽക്കരയിലോ ബലാൽസംഗം ചെയ്യപ്പെട്ട നായികയോ ക്രൂരമർദ്ദനമേറ്റ നായകന്റെ ബന്ധുക്കളോ,കൂട്ടുകാരോ പകുതി വെള്ളത്തിലും പകുതി കരയിലുമായി മരിച്ചു കിടക്കുന്നതാണ്.
- പതിവില്ലാതെ ചിരിയും കളിയും കാണിച്ചാൽ അടുത്ത സീനിൽ മരണം ഉറപ്പാണ്.
- ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഡോക്ടർക്ക് സാധാരണയായി രോഗി മരിച്ചെന്നറിയിക്കാൻ ഒരൊറ്റ വാചകമേയുള്ളു “ ഐയാം സോറി”..! . ഇത് പറ്റില്ലെങ്കിൽ ഒന്ന് നോക്കി സങ്കടത്തോടെ തോളിൽ തട്ടി നടന്ന് പോകാം.ഇനി കണ്ഗ്രാചുലേഷൻ എന്നാണ് ഡോക്ടർ പറയുന്നതെങ്കിൽ പ്രസവം നടന്നു.ബാക്ഗ്രൗണ്ടിൽ കുട്ടിയുടെ കരച്ചിലുണ്ടാവണം.
- ഇനി ഡോക്ടർ നായകനോട് “താൻ വരൂ പറയട്ടെ” എന്നാണ് തുടങ്ങുന്നതെങ്കിൽ കൊച്ചോ തള്ളയോ ആരെങ്കിലും ഒരാൾ മരണപ്പെട്ടിരിക്കണം.
- ഭ്രാന്തുള്ളവരൊക്കെ സാധാരണയായി തലയിണയും മെത്തയും പഞ്ഞിക്കിടുകയാണ് (മുറി മുഴുവൻ മെത്തയും തലയിണയും കുത്തിപ്പൊളിച്ച് പഞ്ഞി പറത്തുക) ചെയ്യാറുള്ളത്.
- നായകനോ നായകന്റെ ഇഷ്ടക്കാർക്കോ ആണ് ഭ്രാന്തെങ്കിൽ ശോകമയമായ അന്തരീക്ഷമാവുകയും അല്ലാതെ ഭ്രാന്ത് മറ്റാർക്കെലുമാണെങ്കിൽ കോമഡിയാവുകയാണ്.
- വീട്ടിലൊരു ചങ്ങല മസ്റ്റാണ്..പിന്നീട് പാരമ്പര്യമായി അത് അനുഷ്ഠിക്കാനുള്ള അവസരവും ഉണ്ട്.
- സ്ഥലത്തെ പുതുപ്പണക്കാരൻ മൊയ്തീനോ/വർഗ്ഗീസ് മാപ്ലയോ ആയിരിക്കണം..ഇവരുടെ കയ്യിലേ ഇപ്പോ കാശ് രൊക്കം എടുക്കാനുള്ളു. പയ്യന്മാർ ഗൾഫിലോ/അമേരിക്കയിലായോണ്ടാണീ അവസ്ഥാ വിശേഷം.ഇവർ മിക്കവാറും കുമ്പിളു കുത്തി കഞ്ഞി കുടിച്ച് ജോലി ചെയ്ത പഴയ തറവാട് വാങ്ങുകേം ചെയ്യും.നായകൻ ഈ ക്ഷയിച്ച തറവാട്ട് കാരനാണെങ്കിൽ പിന്നീട് വന്ന് കംബ്ലീറ്റ് പർച്ചേസാവുന്നതാണ്.
- ഒരു സിപ്പ് ചായ മാത്രമേ നമ്മുടെ കഥാപാത്രങ്ങൾ സാധാരണയായി ചായകുടിക്കുന്ന രംഗങ്ങളിൽ കുടിക്കാറുള്ളു.
- ആവശ്യപ്പെട്ടു തീരും മുൻപേ ചൂടുചായ വരുന്നതും, അത് സെക്കന്റിനുള്ളിൽ വലിച്ചു കുടിക്കുകയും ചെയ്യുന്ന സീൻ തട്ടുകടയിലും ഹോട്ടലിലും ഉണ്ടാവാറുണ്ട്.
- സമ്പന്നന്റെ ഡൈനിങ്ങ് ടേബിളില്‍ എപ്പോഴും ആപ്പിള്‍ കാണും,വട്ടം കറങ്ങുന്ന ഫ്രൂട്ട് പാത്രവും.
- ബാദ്ധ്യതകളും പ്രശ്നങ്ങളുമുള്ള നായകൻ ഒരിക്കലും സമയത്തിനു ഭക്ഷണം കഴിക്കില്ല. പാതിരാത്രിയിലും നായകന്റെ അമ്മ ഭക്ഷണം പകർത്തി വെച്ച് കാത്തിരിക്കും.
- ഇതേ നായകനു ഒരിക്കലും ഭക്ഷണം മുഴുവൻ കഴിക്കാൻ സാധിക്കില്ല. രണ്ടുരുള കഴിക്കുമ്പോഴേക്കും അമ്മയുടെ/ അച്ഛന്റെ/ അമ്മാവന്റെ പരാതിയോ കുറ്റപ്പെടൂത്തലോ കാരണം ഭക്ഷണം നിർത്തി എഴുന്നേറ്റ് പോകും. (നായകന്മാർ ബാക്കി വെച്ചിട്ടു പോയ ഭക്ഷണം ഉണ്ടായിരുന്നെങ്കിൽ നാട്ടിലെ പട്ടിണി മാറ്റാമായിരുന്നു എന്ന് കഥാകൃത്ത് അഷ്ടമൂർത്തി ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്)
- ചായയിൽ “വിം” എന്ന സോപ്പുപൊടി മാത്രമേ കലക്കിക്കൊടുക്കാറുള്ളു. മലയാള സിനിമ ഉണ്ടായ കാലം മുതൽ ഇന്നുവരെ ‘വിം’ അല്ലാതെ മറ്റൊരു ബ്രാൻഡ് സോപ്പുപൊടി ഉപയോഗിച്ചിട്ടില്ല. ‘വിം കലക്കിയ ചായ/ജ്യൂസ്’ കഴിച്ച് തീരുമ്പോഴേക്കും വയറിളക്കം ആരംഭിച്ചു കഴിയും. കുടിച്ചത് കോമഡി താരമാണെങ്കിൽ രണ്ടിലധികം തവണ കക്കൂസിൽ പോകുന്നത് കാണിക്കണം.
- നാട്ടിൻപുറത്തെ നായികയെ നഗരത്തിലെ നായകൻ പ്രേമിക്കുകയാണെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിന് ന്യൂഡിത്സ് ആയിരിക്കും ഭക്ഷണം. നൈഫും ഫോർക്കും ഉപയോഗിച്ച് ന്യൂഡിത്സ് കഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഗ്രാമീണ നായിക ഒടുവിൽ കൈ കൊണ്ട് വാരിക്കഴിക്കും. നിഷ്കളങ്കനായ ഗ്രാമീണ നായകനാണെങ്കിലും ഇതു തന്നെ സംഭവിക്കും. ഇത് കൗതുകപൂർവ്വം വീക്ഷിക്കുക എന്നതാണ് മോഡേൺ നായകനോ നായികയോ ഈ അവസരത്തിൽ ചെയ്യേണ്ടത്.കോമഡി താരങ്ങളാണ് ന്യൂഡിൽസ് കഴിക്കുന്നതെങ്കിൽ പറയേണ്ടതില്ലല്ലോ.
- കൃഷിക്കാരനായ നായകന്റെ വീട്ടിൽ എല്ലാവരും മോര് /സംഭാരം / കഞ്ഞിവെള്ളം എന്നിവ മാത്രമേ കുടിക്കൂ. വള്ളുവനാടൻ പ്രദേശത്തെ വീടുകളിലും ഈ പാനീയങ്ങളെ ഉണ്ടാകൂ. അവർ ഒരിക്കലും ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാറില്ല.
- മധ്യതിരുവിതാംകൂർ പ്രദേശത്തെ(അല്ലാത്ത പ്രദേശത്തേയും) മിക്ക കൃസ്ത്യൻ കുടൂംബങ്ങളിലും സ്ത്രീകളടക്കം (പ്രത്യേകിച്ചും വയസ്സായ മുത്തശ്ശിമാർ,അമ്മച്ചിമാർ) മദ്യപിക്കും. തന്റേടിയായ അമ്മായി കഥാപാത്രങ്ങൾ ആണുങ്ങളുടെ മുന്നിൽ വെച്ചു തന്നെ അവരുടെ മദ്യഗ്ലാസ്സ് കൈക്കലാക്കി വായിലേക്ക് ഒഴിക്കുന്നതാണ് കണ്ട് വരുന്നത്.
- പഠിപ്പും വിവരവും ഉള്ള സാധാരണക്കാരനായ ഒരു മുസ്ലീമിനെ കണ്ട കാലം മറന്നു. പച്ച അരപ്പട്ടയും നരച്ച താടിയും കയ്യിലൊരു കാലൻ കുടയും ഇല്ലാത്ത മുസ്ലിങ്ങളെ ഈയടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്.
- ചീത്തപ്പെണ്ണുങ്ങളോ മോഡേൺ സ്ത്രീകളോ ഒക്കെ ക്രിസ്ത്യാനികൾ അവേണ്ടി വരുന്ന അവസ്ഥയാണുണ്ടായിരുന്നത്..
- കോയി ബിരിയാനീം ബെച്ച് ഏമ്പക്കവും വിട്ട് അള്ളാന്ന് വിളിക്കുന്ന തൊപ്പി വെച്ച ഹാജിയാരാണെങ്കിൽ കള്ളക്കടത്തായിരിക്കും മൂപ്പരെ മെയിൻ ബിസിനസ്സ്. കെട്ട്യോളെ പേര് സൂറ, കുട്ട്യോള് സുക്കൂറ്,കാതറ്..ബലാലെ, ഹമുക്കേ, ഹിമാറേ..അറാമ്പെറന്നോനെ, എന്നിങ്ങനെ ഇടക്കിടെ പറയേം ചെയ്യും.
- മുസ്ലിം കഥാപാത്രം നിസ്കാര തഴമ്പിനേപ്പറ്റി അനക്ക് എന്താണ്ട്രാ ഹിമാറേ അറിയ്യ എന്ന് ചോദിക്കണം.
- വടക്കും ഭാഗവും തെക്കും ഭാഗവും ..ഉത്സവം നടത്താന്‍ മത്സരം..രണ്ട് ദേശങ്ങളില്‍ ഏതെങ്കിലും ഒരു വീട്ടുകാര്‍ വില്ലന്‍ പക്ഷം..മറ്റവര്‍ നായക ഗുണമുള്ള ആളുകള്‍ , ഇത് വള്ളം കളിയാവാം,കോഴിപ്പോരാകാം,കളരിപ്പയറ്റോ മറ്റ് ആയോധന മത്സരങ്ങളോ ഒക്കെ ആവാം.
- പലപ്പോഴും ഗ്രാമത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി നായികയുടെ അച്ഛൻ മൂപ്പൻ നായികയെ കുരുതി പോലുള്ള ആചാരങ്ങളുമാവാം.
- അവാർഡ് പടങ്ങളില്‍ ഒരാള്‍ ബസ്സില്‍ കയറിയാത്ര ചെയ്യുന്ന സീനില്‍ പോകുന്ന വഴികളും ഒരോ ജംക്ഷനും ചിത്രീകരിച്ച് സമയം നീക്കാവുന്നതാണ്.
- എൺപതുകളിലെ സിനിമകളാണെങ്കിൽ റൗക്കയും ഒറ്റമുണ്ടുമാണ് നായികമാരുടെ സ്ഥിരം വേഷം.
- ശബ്ദമായിട്ടോ വേഷമായിട്ടോ മുരളി മേനോൻ,കുക്കു പരമേശ്വരൻ ഇത്തരം സിനിമകളിൽ എവിടെയെങ്കിലുമുണ്ടാവും.
- പെണ്ണ് കാണാന്‍ ചെല്ലുമ്പോൾ മുതിർന്ന ആരെങ്കിലും പറയും "പഴയ കാലമൊന്നുമല്ല ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാവും" ..ഇത് സിനിമ തുടങ്ങിയ കാലം മുതലുള്ളതാണ്..അപ്പോ ഇവരുദ്ദേശിക്കുന്ന പഴയ കാലം ഹോമോസാപ്പിയൻസിന്റെ കാലഘട്ടമാണോ?
- സിങ്കം പുലി കുതിര എന്നീ മൃഗങ്ങളേതെങ്കിലുമൊന്നിനേയാണ് നായകനെ ആദ്യമായി കാണിക്കുമ്പോൾ മാറിമാറി കാണിക്കുവാനുള്ളത്.
- ഫുട്ബോൾ ഗ്രൗണ്ടിൽ സിസർക്കിക്ക് ചെയ്ത് ഗോളടിക്കുന്ന നായകൻ,ക്രിക്കറ്റാണെങ്കിൽ സിക്സർ അടിക്കുകയോ അത് ക്യാച്ചെടുക്കുന്നതോ ആയ നായകൻ റേസിങ്ങാണെങ്കിൽ തലയിൽ നിന്ന് ഹെൽമറ്റൂരി മുടി കൊടഞ്ഞിറങ്ങുന്ന നായകൻ,കുതിരയോട്ടം,രഥമോട്ടം,കോഴിപ്പോരാണെങ്കിൽ കോഴിയെ കണ്ട്രോൾ ചെയ്യുന്നത് അങ്ങനെ തുടങ്ങിയുള്ള ഇൻട്രൊഡക്ഷൻ സീനുകളാണ് ആക്ഷൻ സിനിമകളിലെ നായനു വേണ്ടത്.
- കാറ് വന്നു നിൽക്കുന്നു.ആദ്യം അടച്ച ഡോർ കാണിക്കും.കാറിന്റെ ഒരു 360 ഡിഗ്രി ഷോട്ട് ആവാവുന്നതാണ്. പതുക്കെ അത് തുറക്കും.കാലിന്റെ ക്ലോസപ്പ് വരും.നായകന്‍ ഇറങ്ങും.തല കറക്കി വെറുതെ ചുറ്റിലും നോക്കും. സ്ഥലം എവിടെ എന്നതൊന്നും കാര്യമല്ല. എവിടെ കാറ് നിർത്തിയാലും, ഇറങ്ങിയാലും നോക്കിയിരിക്കും.
- സിനിമയില്‍ അഭിനയിച്ച എല്ലാവരും,അതിപ്പോ ക്ലൈമാക്സിങ്ങ് മൂന്നാറിലാണെങ്കിലും അവസാന സീനിലെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ എത്തിയിരിക്കും.ശുഭം !
- കഥ ശുഭപര്യവസായിയായി എന്ന് കാണിക്കാനായി അവസാന സീനിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ആൾക്കാരെ നിർത്തിയപോലെ സ്ക്രീൻ മുഴുവൻ ആൾക്കാരും പിന്നെ ചിത്രത്തിലെ ഏതേലും കൊമേഡിയനെകൊണ്ട് ഒരു ‘ചളി വിറ്റ്’ അടിപ്പിച്ച് എല്ലാരുകൂടി “ഹ ഹ ഹ“ ന്നും പറഞ്ഞ് ചിരിക്കുകയും (സിനിമകാണുന്ന കാണികൾ ഒഴികെ), അതോടെ ‘ശുഭം‘ എഴുതിക്കാണിക്കുകയും ചെയ്യും.
- ഇത് തുടരൻ ചിത്രമാക്കണമെന്നാണ് ഉദ്ദേശമെങ്കിൽ ഒരു ആന്റിക്ലൈമാക്സിനുള്ള സ്കോപ്പ് ഇടണം.
- ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ആരെയെങ്കിലും ഓടിച്ച് സ്ക്രീനിൽ സ്ലോ മോഷനാക്കി കയറ്റി നിർത്തുന്നതും നല്ലതാണ്.
- സീൻ തുടങ്ങി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബെഡ് ഷീറ്റ് മുറുക്കിപ്പിടിച്ചിരിക്കുന്ന നായികയുടെ കൈ ക്ലോസപ്പിൽ കാണിക്കുന്നു. (സീൻ തുടരുന്നു ) അവസാനം നായിക ടപ്പേന്ന് ബെഡ്ഷീറ്റിൽ നിന്നുള്ള പിടി വിടുന്നു. കൈവിരലുകൾ പതിയെ നിവരുന്നു ..
- ബെഡ് ഷീറ്റിൽ നിന്നുള്ള പിടിവിട്ട് നായികയും നായകനും വിരൽ കോർത്ത് പിടിച്ചിരിക്കുന്നത് ക്ലോസപ്പിൽ കാണിക്കുന്നുവെങ്കിൽ അത് നായകൻ കീഴ്പ്പെടുത്തിയത് നായിക എഞ്ചോയ് ചെയ്തു എന്ന് വേണം കരുതാൻ.
- കൈയ്യുടെ ഭാഗത്ത് മാത്രം കീറിയ ഡ്രസ്സിലൂടെ ബലാൽസംഗം ചെയ്യുന്നതെങ്ങനെ ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
- ഒളിച്ചിരുന്ന് വെള്ളമടി : പാടത്തോ പറമ്പിലോ ഒരു കുടം കള്ളും രണ്ടു പേരുമായി കുടിക്കാന്‍ ഇരിക്കുന്നു. നായകന്റെ അമ്മ /നായിക ആ വഴി വരുന്നു രണ്ടു പേരും വേഗം പതുങ്ങിയിരിക്കുന്നു
- ഫുള്‍ ബോട്ടിൽ മദ്യം പശു കാടി കുടിക്കുന്നത് പോലെ വെള്ളം ചേർക്കാതെ വായിലോട്ടു ഒഴിച്ച് കുടിച്ചാലും കൂളായി നടക്കുന്ന,കപ്പാസിറ്റി ഉള്ള നായകൻ.
- ഹോസ്റ്റലിലോ മറ്റോ ആണെങ്കിൽ വാർഡൻ അച്ചനോ ശിങ്കിടിക്കോ ഒരു സ്മാൾ കൊടുത്താൽ വെള്ളമടി സമ്മതിക്കുന്നതാണ്.
- പ്രധാനമായും ഒരു കുപ്പിയാണ് പല കോമഡി വില്ലൻ കഥാപാത്രങ്ങളേയും നായകന്റെ വശത്തേക്ക് ചേർക്കുന്നത്. ചിലക്ക് എത്ര പണം കൊടുത്താലും വാങ്ങുകയില്ല പകരം ഒരു കുപ്പി മതി എന്ന നിലപാടാണെടുക്കുക.
- മലയാള സിനിമയിലെ ഒരു ഡയലോഗ് ക്ലീഷേ - “കഴുത്തിൽ താലികെട്ടുക”. ആരും കല്ല്യാണം കഴിക്കുകയോ വിവാഹം ചെയ്യുകയോ ഇല്ല, കഴുത്തിൽ താലികെട്ടൽ മാത്രമേ ഉള്ളു.
- ബോധം വിട്ടുണരുമ്പോള്‍ (മിക്കപ്പോഴും നായിക) കഥാപാത്രം മിഴിച്ചു നോക്കി..” ഞാനിപ്പോള്‍ എവിടെയാ...നിങ്ങളൊക്കെ... ആരാ?”.
- പരുങ്ങുന്നതിന് / ചമ്മുമ്പോൾ / ചമ്മൽ മറക്കാൻ / ഉത്തരം കിട്ടാതാവുമ്പോഴൊക്കെ മലയാള സിനിമയിലെ എല്ലാ കഥാപാത്രവും പറയുന്നത് : - “ അത് പിന്നേ....”
- സീനിൽ നിന്നും പുറത്തു പോകുന്ന ഏത് കഥാപാത്രവും പോകുന്നതിനു മുന്പാിയി “ എന്നാപ്പിന്നെ...ഞാനങ്ങോട്ട്....”.കാര്യസ്ഥന്മാർക്കാണിത്തരം ഡയലോഗിന്റെ പേറ്റന്റ്.
- ശബ്ദം മ്യൂട്ട് ചെയ്ത ഫക്കാണ് അടുത്ത കാലത്തെ നവീന സിനിമകളിലെ തെറികളിൽ ഉന്നതിയിൽ നിൽക്കുന്നത്.
- തിരുവനന്തപുരത്ത് ജനിച്ചു വളർന്ന മുസ്ലീമാണെങ്കിലും സംസാരിക്കുമ്പോൾ മലബർ സ്ലാങ്ങാണ് വരിക. ഇനി തിരുവനന്തപുരത്ത് ജനിച്ച വളർന്ന നടന്മാരാവട്ടെ മലബാർ/കോഴിക്കോടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും ഒരിക്കലെങ്കിലും ഒരു “എന്തിര്” പ്രയോഗം ഉണ്ടാവും.
- ശ്ശോ കള്ളൻ,കൊതിയൻ - ആക്രാന്തം മൂത്ത നായകനോ കാമുകനോ ഉമ്മ പറ്റിക്കുമ്പോൾ നായിക പറയേണ്ട ഡയലോഗാണിത്.
- ബലാൽസംഗത്തിനടിപ്പെട്ട സ്ത്രീ “അയാൾ എന്നെ”…എന്ന് മാത്രമേ അത്രേ പറയേണ്ടതുള്ളു.. വേണമെങ്കിൽ നശിപ്പിച്ചു എന്ന് കൂടിയാവാം..ഇത് കണ്ട അമ്മ “ ആ മഹാപാപി എന്റെ കുഞ്ഞിനെ നശിപ്പിച്ചല്ലോ “ എന്ന് ഏറ്റ് പറഞ്ഞ് വിലപിക്കാവുന്നതാണ്.
- ഏത് പ്രദേശത്താണെങ്കിലും പൊതുവെ എല്ലാ സിനിമയിലും അച്ചടി ഭാഷയായിരിക്കും. പ്രാദേശിക ഭാഷ പ്രയോഗം ട്രെൻഡ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ നായകൻ മാത്രമേ പ്രാദേശിക ഭാഷ പ്രയോഗിക്കുകയുള്ളു. (നടൻ മമ്മൂട്ടിക്കാണ് ഇത് ചെയ്യാനുള്ള യോഗം കിട്ടിയിരിക്കുന്നത്) ആ പ്രദേശത്തെ മറ്റുള്ളവരെല്ലാം അച്ചടി ഭാഷയായിരിക്കും ഉപയോഗിക്കുക. (ഇതിനു അപവാദം രഞ്ജിത്തിന്റെ തന്നെ ‘പ്രാഞ്ചിയേട്ടൻ & സെയിന്റ്)
- മധ്യതിരുവിതാംകൂർ /കോട്ടയം പ്രദേശത്തുള്ള നായകനും കുടുംബവുമാണെങ്കിലും പൊതുവേ അച്ചടിഭാഷയായിരിക്കും പക്ഷെ അതിനിടയിൽ ‘എന്നതാ, അമ്മച്ചിയേ, ഓ പിന്നേ, ഒള്ളതാന്നോ, കെറുവിച്ചതാരുന്നോ ദീനമ്മച്ചിയേ, പറ്റത്തില്ല , ഒക്കത്തില്ല, വേണ്ടായോ, ഇല്ലായോ, എന്നിങ്ങനെ ചില വാക്കുകൾ കൂട്ടിച്ചേർത്തിട്ടുണ്ടാവും.
- വള്ളുവനാടൻ പ്രദേശത്തെ നായകൻ/നായിക കുടുംബമാണെങ്കിൽ ഒരു ‘ഓപ്പോൾ’ നിർബന്ധമാണ്. ഫ്ലാഷ് ബാക്കിൽ നായകന്റെ കുട്ടിക്കാലത്ത് ഇടക്കിടക്ക് “ഓപ്പോളേ” എന്നു വിളിക്കണം. “വിധിയുടെ വേട്ടമൃഗ“മായിരിക്കാനാകും പല ഓപ്പോളുമാരുടേയും യോഗം. ഈ പ്രദേശത്തെ കഥാപാത്രങ്ങൾ പുഴയിലോ കുളത്തിലോ മാത്രമേ കുളിക്കുകയുള്ളു.
- “എന്താപ്പോ ഇണ്ടായേ, നിയ്ക്ക് പറ്റില്ല്യ, എന്നിവ ഇടക്കിടക്ക് പറയണം. അമ്മാവൻ കഥാപാത്രങ്ങൾ (മിക്കവാറും നാരായണൻ നമ്പ്യാർക്കായിരിക്കും ഈ യോഗം) ‘ഹയ്, ഈ കുട്ടീടെ ഒരു കാര്യം, ഇതാപ്പോ നന്നായേ‘, എന്നീ സംഭാഷണങ്ങൾ ഇടക്കിടക്ക് പറയും. ഒപ്പം പുതിയ തലമുറയെ ചീത്തയും പറയണം. സംഭാരം, കഞ്ഞിവെള്ളം എന്നിവ മാത്രമേ ഈ അമ്മാവന്മാർ കുടിക്കാൻ പാടുള്ളു.
- ഈ പ്രദേശത്തെ ഗ്രാമീണ നായിക, നായകനെ ഉണ്ണിച്ചേട്ടൻ, മാധവൻ ചേട്ടൻ, കണ്ണൻ ചേട്ടൻ എന്നതിനു പകരം ഉണ്ണ്യേട്ടാ, മാധവേട്ടാ, കണ്ണേട്ടാ എങ്ങിങ്ങനയേ വിളിക്കാവൂ. എന്നാൽ മറ്റു കഥാപാത്രങ്ങളെ ‘ൻ’ എന്ന ചില്ലക്ഷരം ചേർത്ത് വിളിക്കാം. അങ്ങിനെയേ ഇതുവരെ വിളിച്ചിട്ടുള്ളു.
- നായകനോ നായികയോ മറ്റു കഥാപാത്രങ്ങളോ ആരുമാകട്ടെ സിനിമയിലെ വൈകാരിക മുഹൂർത്തത്തിൽ ഈ പ്രാദേശിക ഭാഷയൊക്കെ വിട്ട് കൃത്യമായ ആലങ്കാരിക ഭാഷ തന്നെയായിരിക്കും പറയുക.
- മലയാള നടന്മാർ തമിഴ് വേഷം ചെയ്താൽ (തമിഴ് നാട്ടിൽ ജനിച്ചു വളർന്ന കഥാപാത്രമായാൽ പോലും) മലയാളം കലർന്ന തമിഴേ പറയൂ. “ആമാ, അത് വന്ത്, എന്നാച്ച്” എന്നീ വാക്കുകൾ മാത്രം കൃത്യമായും ബാക്കിയുള്ളവ മലയാളത്തിലും മാത്രമായിരിക്കും. എന്തായാലും “തമിഴാള“മായിരിക്കുമെന്ന് ചുരുക്കം.
- നായികയെ നഗ്നയായി ആകസ്മികമായോടെ മാത്രമാണ് നായകനു കാണാൻ സാധിക്കുന്നത്. മൈൻഡിന്റ്.! അബദ്ധവശാൽ മാത്രം.
- ഒന്നുകില്‍ അതോടെ നായിക നായകനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശി പിടിക്കുന്നു.
- ഇത് വില്ലനോ/ കോമഡി നായകനോ ആണെങ്കിൽ നായികയുടെ തന്ത്ര പ്രധാനമായ ഭാഗങ്ങളിലുള്ള മറുകുകളുടെ -അറിവുപയോഗിച്ച് അവളുടെ കല്യാണം മുടക്കുകയുമാവാം.
- നായികയെ വേറെ ഒരുത്തന്‍ കെട്ടിയാല്‍ , ചാരിത്ര്യം കളയാതിരിക്കാന്‍ ആദ്യരാത്രിക്ക് നിമിഷങ്ങൾക്ക് മുൻപ് അവളുടെ ഭർത്താവ് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.അല്ലെങ്കിൽ അരക്ക് കീഴ്പ്പോട്ടു തളർത്തിക്കളയുക,ഇതൊന്നും പറ്റിയില്ലെങ്കിൽ അവളുടെ ഭര്ത്താ്വിനെ ജയിലിലയക്കും.
- ബോസിനോ മറ്റാർക്കോ കാഴ്‌ച്ച വെക്കാൻ ഉദ്ദേശിച്ച് വെർജിനിറ്റിയുമായി നായികയെ കൊണ്ട് നടക്കുന്ന ഭർത്താവിൽ നിന്ന് നായകന് അവളെ രക്ഷിക്കാവുന്നതാണ്.
- നായികക്ക് പരപുരുഷബന്ധം ഉണ്ടെങ്കിൽ പാമ്പ് കൊത്തിയോ ഇടി വെട്ടിയോ ഹൃദയം പൊട്ടിയോ അന്തരിക്കാവുന്നതാണ്.
- ആംഗ്ലോ ഇന്ത്യൻസ് എല്ലാ സിനിമയിലും ദുഖ കഥാപാത്രങ്ങളായിരിക്കും–യഥാർത്ഥത്തിൽ മിക്ക ആംഗ്ലോ ഇന്ത്യൻസും ജീവിതം അഘോഷിക്കുന്നവരാണ്.
- ഫ്രെഡ്ഡി,സൂസൻ,മാഗി എന്നിവ ഇവരുടെ ഒഴിച്ചു കൂടാത്ത പേരുകളിലൊന്നാണ്.
- ആംഗ്ലോ ഇന്ത്യൻസിന് പൊതുവേ ഒരു ലക്ഷ്യമെ ഉള്ളൂ..അവരുടെ നാട്ടിലേക്ക് തിരിച്ചു പോകണം.
- മുട്ടിനു മുകളിലുള്ള ഫ്രോക്ക്,ഫാഫ് ഷൂസ്,മുടി ബോബ് ചെയ്തവർ എന്നിവരാണ് ആംഗ്ലോ ഇന്ത്യൻ സ്ത്രീകൾ.
- സൊസൈറ്റി ലേഡിയായ കൊച്ചമ്മക്ക് കക്ഷം വെട്ടിയ ബ്ലൗസും ഒപ്പം കൂട്ടിയ പട്ടിയും ഉണ്ടാവും.പോമറേനിയനാണ് നിർബന്ധം.അതും വീടിനോ കാറിനുള്ളിലോ വേണം താനും..
- അന്നും ഇന്നും എന്നും നാടകത്തിലും സിനിമയിലും വേലക്കാരി ‘ജാനു’ തന്നെയാണ്. എങ്കിലും ഈയിടെയായി അതിനു മാറ്റം വന്നിട്ടുണ്ട്. (കോൺസ്റ്റബിൾ കുട്ടൻ പിള്ളക്കും മാറ്റം വന്നിട്ടുണ്ട്)
- നായർ/തമ്പുരാൻ തറവാട്ടിലെ വേലക്കാരിക്ക് ‘ശാരദേടത്തി, സാവിത്രി, വിലാസിനി എന്നീ പേരുകളും കൃസ്ത്യൻ നായക കുടുംബത്തിലെ വേലക്കാരിക്ക് “മറിയാമ്മച്ചേട്ടത്തി, ഏലിയാമ്മച്ചേട്ടത്തി“ എന്നീ പേരുകളും ഉപയോഗിക്കും.
- ഒന്നിലധികം നായകന്മാരുണ്ടെങ്കിൽ അവർ എന്തെങ്കിലും ചർച്ച ചെയ്യുമ്പോൾ നാലു പേരും നാലുവശത്തായി നിലയുറപ്പിക്കണം. അതിലൊരാൾ പുറം തിരിഞ്ഞ് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നവനാകാം.
- ദൗത്യം തീരുമാനിച്ചുകഴിഞ്ഞാൽ എല്ലാവരും നായകൻ നീട്ടിപ്പിടീച്ച കയ്യിൽ തങ്ങളുടെ കൈ ചേർത്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതാണ്. തുടർന്ന് തോളോട് തോൾ ചേർന്ന് വട്ടത്തിൽ നിൽക്കാം (ഈ സമയത്ത് ഒരു റൌണ്ട് ട്രോളി ഷോട്ട് നിർബന്ധം)
- വില്ലന്റെ കൈ കൊണ്ട് നായക സംഘത്തിൽ ആദ്യം കൊല്ലപ്പെടുന്നത് കൂട്ടത്തിൽ ഏറ്റവും നിഷ്കളങ്കനെന്ന് തോന്നിക്കുന്നവനോ, ദരിദ്രനോ, ഗായകനോ ആയ ഒരുത്തനായിരിക്കും.
- രണ്ട് നായകന്മാരുണ്ടെങ്കിൽ അവരുടെ പരമപ്രധാനമായ ലക്ഷ്യം ഒരേ വില്ലനെ തകർക്കലാണ്.രണ്ട് പേരുടേയും അച്ഛന്റെയോ അമ്മയുടെയോ കുഞ്ഞു പെങ്ങളുടെയോ മരണത്തിന് കാരണം ഈ വില്ലനായിരിക്കും,സ്വാഭാവികം. മൂന്നോ നാലോ നായകന്മാരാണെങ്കിൽ വില്ലനും അവന്റെ കുടുംബം മുഴുവനും വില്ലന്മാരാവുകയാണ്.
- ഫൈറ്റ് സീനുകളിലെ ബ്ഫൂഷ്.....ബ്ഫൂഷ്.... എന്ന യെമണ്ടൻ സൗണ്ടിലുള്ള ഇടി ശബ്ദമാണ്...വില്ലന്മാരെ ഇതേ സൈസ് ഒറ്റ ഇടിക്ക് തെങ്ങുമ്മേൽ വരെ കേറ്റീട്ടുണ്ട് നമ്മുടെ നായകന്മാർ.
- കാറൂകൾ എത്ര മോഡേൺ ആയാലും അതുങ്ങളെ ബ്രേക്ക് ചെയ്താൽ വല്ലാത്ത സൗണ്ട്.
- നായകന്റെ ബുള്ളറ്റിനും വെടിക്കും വെടിക്ക് ഡൈനാമിറ്റിന്റെ സൗണ്ടാണുണ്ടാവുക.
- നായകന്റെയും കൂട്ടാളികളുടെയും സ്ലോ മോഷൻ സീനുകളിൽ പലപ്പോഴും പെപ്പേപ്പേ..പെപപ്പേ..എന്നുള്ള തീമുകൾ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും കുറ്റാൻവേഷണ ചിത്രങ്ങളാണിത് ഏറെ നന്നാവുക.
- ഓട്ടോറിക്ഷ/ടാക്സി ഡ്രൈവർമാർ ഒരിക്കലും ബാക്കി നൽകാറില്ല. ഓട്ടോ ചാർജ്ജ് 12 രൂപയാണെങ്കിലും നായകനോ നായികയോ ഒറ്റനോട്ട് കൊടുത്ത് ബാക്കി വാങ്ങാതെയോ കൊടുക്കാതെയോ പോകും. (മലയാള സിനിമയിൽ മാത്രം 12, 15 രൂപകൾക്ക് ഒറ്റ നോട്ടാണ്)
- ജഗതി പലപ്പോഴും ഓട്ടോ ചാർജ്ജ് നൽകാറില്ല. കോമഡി താരങ്ങൾ പലപ്പോഴും ഓട്ടോ/ടാക്സി ചാർജ്ജിനെപ്പറ്റി വഴക്കുണ്ടാക്കും. മിക്കവാറും ഓട്ടോ/ടാക്സി ഡ്രൈവന്മാർ ഇവരുടെ കോളറിൽ പിടിച്ച് ബലമായി ചാർജ്ജ് വാങ്ങും. തന്റേടിയായ നായികയാണെങ്കിൽ ബാലൻസ് കിട്ടാനുള്ള അമ്പത് പൈസക്ക് വേണ്ടി വഴക്കുണ്ടാക്കുകയും കൺസ്യൂമർ ആക്റ്റ് പറയുകയും ചെയ്യും.
- കവിയൂര്‍ പൊന്നമ്മക്ക് ഉണ്ണി എന്നല്ലാതെ ഒരു മകനില്ല.രാഘവനോ രാജപ്പനോ ആണെങ്കിലും അമ്മക്ക് ഉണ്ണി മാത്രമാണ്..
- ഭർത്താവ് ഉണ്ടെങ്കിൽ തിലകൻ.
- മകൻ മോഹൻലാൽ
- ദാരിദ്ര്യ/ഇടത്തരം കുടുംബം
- തങ്കപ്പെട്ട സ്വഭാവം
- മകനെ സ്വന്തം ജീവനേക്കാളും സ്നേഹമാണ്.
- മരുമകള്‍ എത്ര മൂധേവി ആയാലും അവളെയും അളവില്ലാതെ സ്നേഹിക്കും.
- മകന്റെ് കൂട്ടുകാരും അവരെ 'അമ്മേ' എന്നേ വിളിക്കൂ.
- നട്ടപ്പാതിരാക്കും സെറ്റ് സാരിയെ ഉടുക്കുകയുള്ളു.
- മിക്കപ്പോഴും ഉണ്ണിക്കണ്ണൻ/ഗുരുവായൂരിലെ കള്ളക്കണ്ണന്റെ ഭക്തയായിരിക്കും.
- കുളിച്ച് ബാത്ത് റൂമിൽ നിന്ന് വരുമ്പൊഴും നെറ്റിക്ക് ചുവന്ന വലിയ പൊട്ടും കാണും..!
- സൂരജ് വെഞ്ഞാറമ്മൂട് –
സ്ഥിരമായി ചെകിട്ടത്ത് അടികിട്ടാനുള്ള കോമഡി താരമാണ് സുരാജ്
വെഞ്ഞാറന്മൂടും മറ്റ് പുതു കൊമേഡിയന്മാരും. സീനിയർ കൊമേഡിയന്മാരാണ് ഇവരുടെ
വരവ് കൊണ്ട് ചെകിട് സേവ് ചെയ്യുന്നത്.
അബുസലിം/കൊല്ലം അജിത്ത് - എവിടെയുണ്ടോ തെമ്മാടിത്തവും ഇടിയും ഉറപ്പാണ്.
ഷാജി - ഷാജി എന്ന പേരുകാരൻ ഗുണ്ട/റൌഡി/തെമ്മാടി ആയിരിക്കണം!
വിജയകുമാർ -നായകന്റെ കൂട്ടുകാരനാണെങ്കില്‍ എന്തായാലും നായകനെ ചതിക്കും..
സാദിഖ് – ഗൾഫുകാരൻ,പ്രവാസി
വിജയ് മേനോൻ - എക്സൻട്രിക്ക്,കഞ്ചാവിനോ മറ്റ് മയക്കുമരുന്നിനോ അടിമ, "വാട്ട് കുസൃതി മാൻ" എന്നത് ഇദ്ദേഹത്തിന്റെ സ്ഥിരമുള്ള ഒരു ഡയലോഗ് ആണ്.
- ടി.ഏ ഷാഹിദ് സിനിമകളിൽ നായകന്റെ അച്ഛനോ അമ്മയോ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടവരാവും
- ബാലേട്ടൻ - നായകന്റെ അഛനു രഹസ്യ കുടുംബം
- മത്സരം - നായകൻ ഒരു ജാര സന്തതി
- ബെൻജോൺസൺ - നായകന്റെ അമ്മ ഒളിച്ചോടി പോയവൾ
- രാജമാണിക്യം - നായകന്റെ അമ്മ മകൻ അറിയാതെ വേറെ കെട്ടുന്നു
- പച്ചക്കുതിര - നായകന്റെ അമ്മ പണ്ട് നാട് വിട്ട് പോയി
- എന്നും ജീൻസും ഷൂവും ആയിരുന്നു വേഷം.പുള്ളീടെ ഷൂസ് ആണ് ക്യാമറകൾക്ക് ഏറെ പരിചിതം.
- ഷർട്ട് എപ്പോഴും തോളില്‍ ഇടും. ബനിയന്‍ മാത്രം ധരിക്കും
- ഇടിക്കുമ്പോള്‍ വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കും.
- വേണേല്‍ നായിക പ്രേമിച്ചോണം
- മിക്കവാറും ഒറ്റയ്ക്കാണ് താമസം.ലുങ്കി ഉടുക്കാറില്ല.
- മുൻപ് ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒന്നാവും ഈ ചിത്രം എന്ന് അവകാശപ്പെടുന്നു.
- മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം.. അത് നിങ്ങൾ പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കുക.
- പഴയ ഏതെങ്കിലും പാട്ടിന്റെ ട്യൂൺ നിങ്ങൾക്ക് തോന്നുന്നത് ഒരേ രാഗത്തിൽ കമ്പോസ് ചെയ്തത് കൊണ്ട് മാത്രമാണ്.
- ഇത്തരം ക്ലീഷാദിക്ലീഷേകൾ ഉള്ള ചിത്രം നിർമ്മിക്കുന്നതോടെ പല നിർമാതാക്കളും കുത്തു പാളയെടുക്കുന്നു.